വയനാട്: പ്രളയങ്ങൾ നട്ടെല്ലൊടിച്ച വയനാടിന് പുതുജീവൻ നൽകാൻ ഇത്തവണത്തെ ബജറ്റിന് കഴിയുമെന്ന പ്രതീക്ഷയിലാണ് വയനാട്ടുകാർ. മൂന്ന് വർഷം കൊണ്ട് നടപ്പാക്കുന്ന 2,000 കോടി രൂപയുടെ പാക്കേജാണ് വയനാടിന് വേണ്ടി ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്.
കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മലബാർ കാപ്പിയും കാർബൺ ന്യൂട്രൽ വയനാട് പദ്ധതിയുമാണ് പാക്കേജിന്‍റെ കേന്ദ്രബിന്ദുവെന്നാണ് തോമസ് ഐസക്കിന്‍റെ ബജറ്റ് പ്രസംഗത്തിലുള്ളത്. ഈ പദ്ധതികൾക്ക് 500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കാപ്പി ഉല്‍പാദക സംഘങ്ങൾ രൂപീകരിക്കാനും മറ്റും 13 കോടി രൂപ കൃഷിവകുപ്പിന് വകയിരുത്തിയിട്ടുണ്ട്. ഒപ്പം കാപ്പിക്ക് ഡ്രിപ്പ് ഇറിഗേഷന് പത്ത് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പട്ടികവർഗസ്‌ത്രീകൾക്ക് തൊഴിലവസരം സൃഷ്‌ടിക്കാനും മറ്റ് ക്ഷേമപ്രവർത്തനങ്ങൾക്കുമായി 25 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. വയനാട്ടിലെ വിനോദസഞ്ചാര വികസനത്തിന് അഞ്ച് കോടി രൂപയാണ് ഇത്തവണ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഇതോടൊപ്പം മെഡിക്കൽ കോളജിനും തുരങ്കപാതക്കും ധനസഹായമുണ്ടാകും.