കാസർകോട്: ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്തതിലെ പ്രധാനി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന. കാസർകോട് തൃക്കരിപ്പൂർ ഉടുമ്പുന്തല സ്വദേശി അബ്ദുൽ റാഷിദ് യുഎസ് നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ടെലിഗ്രാം വഴി സന്ദേശമെത്തിയത്. സംസ്ഥാനത്ത് നിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 21പേരെ ഐഎസ് കേന്ദ്രത്തിൽ എത്തിച്ച മുഖ്യസൂത്രധാരനാണ് അബ്ദുൽ റാഷിദ്. ഒരു മാസം മുമ്പ് അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ ബോംബാക്രമണത്തിൽ റാഷിദ് ഉൾപ്പടെ ഒമ്പത് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നും സന്ദേശത്തിൽ പറയുന്നു. കൊല്ലപ്പെട്ടവരിൽ നാല് കുട്ടികളും, രണ്ട് സ്ത്രീകളും, മൂന്ന് പുരുഷന്മാരും ഉൾപ്പെടും.
2016 മെയ്, ജൂൺ മാസങ്ങളിലായി കാസർകോട് നിന്നുള്ള 16 പേരുൾപ്പെടെ 21 മലയാളികളെയാണ് ബി.ടെക് ബിരുദധാരിയായ അബ്ദുൾ റാഷിദ് ഐഎസ് കേന്ദ്രത്തിലെത്തിച്ചത്. പടന്ന പീസ് പബ്ലിക്ക് സ്കൂൾ അഡ്മിനിസ്ട്രേറ്ററായിരുന്ന റാഷിദ് ഭാര്യ ആയിഷയ്ക്കും കുട്ടികൾക്കുമൊപ്പമാണ് അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. ഐഎസ് കേന്ദ്രത്തിൽ എത്തിയ റാഷിദ് ആശയപ്രചാരണത്തിന് മുൻകൈ എടുക്കുകയും ഇതിനായി ടെലിഗ്രാം ആപ്പ് വഴി നിരവധി സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ ബന്ധുക്കളുടെ പരാതിയെ തുടർന്ന് ചന്തേര പൊലീസായിരുന്നു അബ്ദുൾ റാഷിദിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. പിന്നീട് കേസ് എൻഐഎക്ക് കൈമാറുകയായിരുന്നു. റാഷിദിനൊപ്പം ഐഎസിലെത്തിയ ഏഴോളം പേർ നേരത്തെയുണ്ടായ വിവിധ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും സന്ദേശങ്ങൾ എത്തിയിരുന്നു. രണ്ടാം ഭാര്യയും ബീഹാർ സ്വദേശിനിയുമായ യാസ്മിൻ അഹമദ് വഴിയാണ് അബ്ദുൾ റാഷിദടക്കമുള്ളവർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. ഇക്കാര്യം അന്വേഷണത്തിൽ വ്യക്തമായിരുന്നു. യാസ്മിൻ അഫ്ഗാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലാവുകയായിരുന്നു.