വയനാട്ട്: മാനന്തവാടി നഗരസഭയിൽ ലൈഫ് ഭവന പദ്ധതിയുടെ നാലാംഘട്ടം താളം തെറ്റുന്നതായി ആരോപണം. അപേക്ഷകർക്ക് വേണ്ടി ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കാൻ വേണ്ടിയുള്ള ഇതുവരെ കഴിഞ്ഞിട്ടില്ല. അപേക്ഷകരോടുള്ള വെല്ലുവിളിയാണിതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ഓൺലൈൻ വഴിയായാണ് മാനന്തവാടി നഗരസഭയിൽ ലൈഫ് പദ്ധതിക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. ആദിവാസി വിഭാഗത്തിൽ പെട്ടവർക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നാണ് പ്രധാന ആരോപണം. ഇതോടൊപ്പം ലൈഫ് പദ്ധതിയുടെ നിയമങ്ങൾ കേന്ദ്ര സർക്കാരിന്‍റെ പിഎംഎവൈ ഭവന പദ്ധതിയുടെ നിയമത്തിന്‍റേതുപോലെയാക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. പിഎംഎവൈ പദ്ധതി അനുസരിച്ച് വരുമാനം മൂന്ന് ലക്ഷത്തിൽ താഴെ ആണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷ മതിയാകും എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ലൈഫ് പദ്ധതിക്ക് വില്ലേജ് ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഒരു റേഷൻ കാർഡിൽ ഒരു വീട് മാത്രമേ ലൈഫ് ഭവന പദ്ധതി അനുസരിച്ച് അനുവദിക്കൂ. എന്നാൽ പിഎംഎവൈ പദ്ധതി അനുസരിച്ച് ഒരു റേഷൻ കാർഡിൽപ്പെട്ട എല്ലാ കുടുംബങ്ങൾക്കും വീട് നൽകാനാകും. അതേസമയം ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർക്ക് ഓൺലൈൻ വഴി അപേക്ഷ നൽകാൻ വേണ്ട സഹായം ചെയ്യാൻ അതാത് കൗൺസിലർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് നഗരസഭാധികൃതർ പറഞ്ഞു.