തൃശൂര്‍ : കൊടുങ്ങല്ലൂര്‍ പൊലീസ് സ്‌റ്റേഷനിൽ യുവാക്കളുടെ വിളയാട്ടം. അക്രമികള്‍ സ്‌റ്റേഷനിലെ ചില്ലുഭിത്തി അടിച്ചുതകർത്തു. തടയാന്‍ ചെന്ന എസ്ഐക്ക് നേരെയും ആക്രമണമുണ്ടായി. എസ്ഐയുടെ കൈക്ക് പരിക്കേറ്റു.
ഇന്നലെ (18-01-2023) രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കൊടുങ്ങല്ലൂര്‍ നഗരത്തിലെ ബാറിൽ സംഘർഷമുണ്ടായി എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് ഇവിടെയെത്തി. തുടര്‍ന്ന് സംഘര്‍ഷത്തിന് കാരണക്കാരായ എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത്, വാലത്ത് വികാസ് എന്നിവരെ കസ്‌റ്റഡിയിലെടുത്തു. പിന്നീട് ഇവരെ സ്‌റ്റേഷനിലെത്തിച്ചതോടെ ഇവര്‍ അക്രമാസക്തരാവുകയായിരുന്നു.
അക്രമികള്‍ സ്‌റ്റേഷനിലെ കസേര കൊണ്ട് മുറിയുടെ ചില്ലുഭിത്തി അടിച്ചുതകർത്തു. ഇതുകണ്ട് തടയാൻ ശ്രമിച്ച എസ്ഐ കെ.അജിത്തിനെയും ഇവര്‍ ആക്രമിക്കുകയായിരുന്നു. ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഇവരെ തുടര്‍ന്ന് മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ എസ്.ഐ കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടി. മദ്യലഹരിയിലായിരുന്നു യുവാക്കളെന്ന് പൊലീസ് അറിയിച്ചു.