തൃശൂര്‍: കുന്നംകുളത്ത് ആറ് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പെരുമ്പിലാവ് ആല്‍ത്തറ മണിയില്‍ കളവീട്ടില്‍ രാജന്റെ ഭാര്യ ശ്രീദേവി (39) ആണ് അറസ്റ്റിലായത്. ഇവർ കഴിഞ്ഞ ഒന്നര വര്‍ഷമായി തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്തി കൊണ്ടു വരികയും കുന്നംകുളം മേഖല കേന്ദ്രീകരിച്ച് വ്യാപകമായ രീതിയില്‍ വിതരണവും വില്പനയും നടത്തി വരികയായിരുന്നു. കഴിഞ്ഞ രണ്ട് മാസത്തോളമായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പത്തിലേറെ തവണ ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കുന്നംകുളത്ത് എത്തിച്ചിട്ടുണ്ട്. നീലചടയന്‍ വിഭാഗത്തില്‍പ്പെട്ട കഞ്ചാവാണ് ഇവർ വില്‍പന ചെയ്യുന്നത്. തമിഴ്നാട്ടില്‍ നിന്നും ട്രെയിന്‍ മാര്‍ഗമാണ് ഇവര്‍ കഞ്ചാവ് എത്തിക്കുന്നത്. പൊതുമാര്‍ക്കറ്റില്‍ ആറ് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.
കുന്നംകുളം മേഖല കേന്ദ്രീകരിച്ച് ഒട്ടേറെപ്പേര്‍ ഇവരുടെ കീഴില്‍ ഏജന്‍സികളായും വിതരണക്കാരായും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. എഞ്ചിനീയറിംഗ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ വില്‍പന നടത്തിയിരുന്നത് എന്നും പൊലീസ് അറിയിച്ചു.