തൃശൂർ: തൃശൂർ മുപ്ലിയം കുഞ്ഞക്കര വലിയതോട്ടിൽ മാലിന്യം നിറയുന്നു. സ്വജൽധാര കുടിവെള്ള പദ്ധതിയുടെ തോട്ടിലാണ് വൻതോതിൽ മാലിന്യം അടിഞ്ഞുകൂടുന്നത്. വരന്തരപ്പിള്ളി മുപ്ലിയം കുഞ്ഞക്കര വലിയതോട്ടിൽ 200 മീറ്ററിലേറെ നീളത്തിലാണ് മാലിന്യം അടിഞ്ഞുകൂടിയിരിക്കുന്നത്.
ഭൂതത്താൻക്കെട്ടിൽ നിന്നുള്ള വെള്ളം ഈ തോട്ടിലൂടെയാണ് കുറുമാലിപുഴയിൽ എത്തിച്ചേരുന്നത്. രണ്ട് വർഷത്തിലേറെയായി ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്ത തോട് ഇപ്പോൾ മാലിന്യം നിറഞ്ഞും കാടുമൂടിയും നാശത്തിൻ്റെ വക്കിലാണ്. വർഷങ്ങളായി ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ തോട്ടിൽ തങ്ങിനിൽക്കുകയാണ്. ഇവിടെയാണ് സ്വജൽധാര കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്.
മേഖലയിലെ 200 ഓളം കുടുംബങ്ങൾക്കാണ് ഇതിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നത്. മാലിന്യം കലർന്ന തോട്ടിലെ വെള്ളം ഉപയോഗിക്കുന്നതുമൂലം പകർച്ചാവ്യാധികൾ പിടിപെടുമെന്ന ഭീതിയിലാണ് നാട്ടുകാർ. വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന വലിയതോടിനെ നിരവധി കുടുംബങ്ങളാണ് ആശ്രയിക്കുന്നത്.
അതിഥി തൊഴിലാളികൾ താമസിക്കുന്ന ഷെഡുകളിൽ നിന്നുള്ള മാലിന്യം തോട്ടിലേക്കാണ് ഒഴുക്കുന്നത്. വർഷങ്ങളായി ഇത്തരത്തിൽ മാലിന്യം തോട്ടിലേക്ക് ഒഴുക്കിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. വർഷങ്ങളായി മലിനമായി കിടക്കുന്ന വലിയതോട് നവീകരിക്കണമെന്ന് വരന്തരപ്പിള്ളി പഞ്ചായത്ത് മെമ്പർ ഔസേഫ് ചെരടായി ആവശ്യപ്പെട്ടു. വലിയതോടിനെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിലൂടെ മാലിന്യമുക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.