തൃശൂര്‍: മതിലകം വിജിത്ത് കൊലപാതക കേസില്‍ മുഖ്യ പ്രതി അറസ്റ്റിലായി. ഒഡീഷ സ്വദേശി ടൊഫാൻ മല്ലിക്ക് (20) ആണ് അറസ്റ്റിലായത്. ഒഡീഷയിലെ സല്യാസാഹി ചേരിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മൂന്ന് ദിവസമായി അന്വേഷണ സംഘം ചേരിയില്‍ പ്രതികൾക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. ആദ്യം അന്വേഷണ സംഘത്തോട് സഹകരിക്കാതിരുന്ന പ്രതി കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തി. കൊലയാളിസംഘത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെട്ടു. ടെഫാനെക്കൂടാതെ നബ്ബ, സുശാന്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് കൊടുങ്ങല്ലൂര്‍ സ്വദേശി വിജിത്ത് കൊല്ലപ്പെട്ടത്. പണത്തിന്‍റെ പേരിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കം രൂക്ഷമായപ്പോള്‍ പ്രതികള്‍ കൂട്ടം ചേര്‍ന്ന് വിജിത്തിനെ ആക്രമിച്ചു. ഒന്നാം പ്രതി ടെഫാന്‍ വിജിത്തിനെ അടുക്കളയില്‍ നിന്ന് കത്തിയെടുത്ത് കുത്തി. മറ്റൊരു പ്രതി പലകകൊണ്ട് വിജിത്തിനെ തലയ്ക്ക് അടിച്ച് വീഴ്ത്തി. ആന്തരികാവയവങ്ങളും വാരിയെല്ലും തകര്‍ന്ന് വിജിത്ത് തല്‍ക്ഷണം മരിച്ചെന്നാണ് പൊലീസ് നിഗമനം. മൃതദേഹം വരിഞ്ഞുമുറുക്കി പുതപ്പില്‍ മൂടി ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ കൊടുങ്ങല്ലൂരില്‍ നിന്ന് ഒഡിഷയിലേക്ക് കടന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.