തൃശ്ശൂർ: കാർഷികോൽപ്പന്ന സംസ്‌കരണവും, മൂല്യവർധനവും ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വൈഗ 2020ന് നാളെ തുടക്കം. നാളെ മുതൽ ജനുവരി 7 വരെ തേക്കിൻകാട് മൈതാനിയിലാണ് മേള നടക്കുന്നത്. മേളയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ പത്ത് മണിക്ക് നിർവഹിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. വൈകിട്ട് 5.30ന് കൃഷി വകുപ്പിന്റെ 'ജീവനി' പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കാർഷിക മേഖലയിലെ നൂതന ആശയങ്ങൾ പങ്കുവെക്കുന്നതിനും കാർഷികോൽപ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവർധനവ് എന്നിവയുടെ സാധ്യത മനസ്സിലാക്കുന്നതിനും കർഷകരെയും സംരഭകരെയും ശാസ്ത്രജ്ഞരെയും പൊതു സമൂഹത്തെയും ഒത്തൊരുമിപ്പിച്ചു നടത്തുന്ന വൈഗയുടെ നാലാം പതിപ്പാണിത്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി രണ്ട് വേദികളിലായി നിരവധി വിഷയങ്ങളിൽ സെമിനാറുകളും വർക്ക്‌ഷോപ്പുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു.
കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുന്ന 350ൽ അധികം പ്രദർശന സ്റ്റാളുകളും ഒരുക്കിയിരിക്കുന്നു. കാർഷികോൽപ്പന്നങ്ങളുടെ ഭൗമ സൂചിക പദവിയുള്ള ചങ്ങാലിക്കോടൻ വാഴപ്പഴം, മറയൂർ ശർക്കര, കാപ്പിയുടെ മൂല്യ വർധനവ്, കുരുമുളക്, ഏലം എന്നീ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. കേന്ദ്ര കൃഷി മന്ത്രി പുരുഷോത്തം രൂപാല, തെലങ്കാന കൃഷി വകുപ്പ് മന്ത്രി സിംഗ റെഡ്ഡി, നിരഞ്ജൻ റെഡ്ഡി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മറ്റ് കേന്ദ്ര മന്ത്രിമാർ, ഇതര സംസ്ഥാന കൃഷി വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികൾ എന്നിവർ മേളയുടെ ഭാഗമാകും.