തൃശൂർ: പഴന്നൂരില്‍ എസ്ബിഐ എടിഎമ്മില്‍ മോഷണത്തിന് ശ്രമിച്ച രണ്ട് പേർ പിടിയില്‍. പാലക്കാട് സ്വദേശികളായ കരുവാക്കോണം അടവക്കാട് വീട്ടില്‍ പ്രജിത്, തൃക്കംകോട് കല്ലംപറമ്പ് വീട്ടില്‍ രാഹുല്‍ എന്നിവരാണ് പിടിയിലായത്. പഴയന്നൂർ കൊണ്ടാഴി പാറമേൽപടിയിലെ എസ്ബിഐ എടിഎമ്മിൽ പുലർച്ചെ രണ്ടരയോടെയാണ് കവർച്ചാ ശ്രമം നടന്നത്. ഒറ്റപ്പാലത്ത് ഹോട്ടല്‍ നടത്തിപ്പുകാരാണ് പിടിയിലായ രണ്ടുപേരും.
ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ എടിഎം കൗണ്ടറിലെ ക്യാമറയിൽ പ്ലാസ്‌റ്ററൊട്ടിച്ചശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തുറക്കാൻ ശ്രമിക്കുമ്പോൾ വെളിച്ചം ശ്രദ്ധയിൽപ്പെട്ട അയൽവാസി വിവരം മറ്റു വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീടുകളിൽ ലൈറ്റ് തെളിഞ്ഞത് ശ്രദ്ധയില്‍പ്പെട്ട മോഷ്ടാക്കൾ രക്ഷപ്പെട്ടു . മോഷണ ശ്രമത്തിനിടെ ക്യാമറയില്‍ കുടുങ്ങിയ കാർ ഉപേക്ഷിച്ചാണ് ഇവർ രക്ഷപ്പെട്ടത്. കാർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.