കിണറിൽ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും പഞ്ചായത്തിന്‍റെ കുടിവെള്ള ടാങ്കറുകളെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് തൃശ്ശൂര്‍ കൊഴുക്കുള്ളിയിലെ ഏതാനം കുടുംബംങ്ങൾ. മതിയായ അനുമതിയില്ലാതെ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ടർപ്പൻടൈൻ മിക്സിംഗ് കമ്പനിയാണ് ഇപ്പോഴും ഇവരുടെ വില്ലനാകുന്നത്. അടുത്തിടെ നാട്ടുകാരുടെ പരാതിയിൽ പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനി അടപ്പിച്ചിരുന്നു.
ടർപ്പൻടൈൻ മിക്സിങ്ങിന് ലഭിച്ച അനുമതിയുടെ മറവിൽ ബിറ്റുമിൻ ഉരുക്കി ജപ്പാൻ ബ്ലാക്ക് ഉണ്ടാക്കുന്നതുള്‍പ്പടെ ചെയ്തെന്ന് കണ്ടെത്തിയായിരുന്നു നടപടി. എന്നാൽ കമ്പനി അടച്ചുപൂട്ടിയ സമയത്ത് സ്ഥലത്ത് കുഴിച്ചിട്ട മാലിന്യം മണ്ണിനടിയിലൂടെ സമീപത്തെ കിണറുകളിലെത്തുകയാണെന്ന് നാട്ടുകാർ പറയുന്നു. പാട കെട്ടിയ കിണർ വെള്ളത്തിന് ടർപ്പൻടൈന്‍റെ ഗന്ധവമുണ്ട്. ഈ വെള്ളത്തിൽ കുളിക്കുന്നവർക്ക് അലർജി രോഗങ്ങള്‍ ഉണ്ടാകുന്നതായും പരാതി ഉയരുന്നു. കമ്പനി കുഴിച്ചിട്ട മാലിന്യങ്ങൾ നീക്കി എന്നെന്നേക്കുമായി സ്ഥാപനം അടച്ചു പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.