തൃശൂർ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഓട്ടോകളിലും ടാക്‌സികളിലും പ്രതിരോധ സംവിധാനങ്ങൾ നിർബന്ധമാക്കിയപ്പോൾ തൃശൂരിലെ ഓട്ടോ ഡ്രൈവറായ സെബീർ പി മജീദ് പിന്നെ ഒന്നും ആലോചിച്ചില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ സാനിട്ടൈസറും വേർതിരിച്ച ഡ്രൈവർ ക്യാബിനും ഓട്ടോ റിക്ഷയില്‍ തയ്യാറാക്കി.
ഓട്ടോയിൽ കയറും മുൻപ് കൈകൾ സാനിട്ടൈസ് ചെയ്യാം. ഓട്ടോമാറ്റിക്ക് സെൻസർ ഉപയോഗിച്ചാണ് സാനിട്ടൈസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്‌പർശന ഭീതി വേണ്ട. ഡ്രൈവറും യാത്രക്കാരും തമ്മില്‍ സുരക്ഷിത അകലം പാലിക്കാൻ പോളി ഫൈബർ ഷീറ്റ് ഉപയോഗിച്ചുള്ള മറയുമുണ്ട്. ഒരാൾ യാത്ര അവസാനിപ്പിച്ച് ഇറങ്ങുമ്പോൾ ഓട്ടോറിക്ഷയുടെ ഉൾഭാഗം സാനിട്ടൈസ് ചെയ്യും. ഇതിനും സ്വയം പ്രവർത്തിക്കുന്ന സംവിധാനമുണ്ട്. അഞ്ച് ലിറ്റർ ടാങ്കാണ് സാനിട്ടൈസ് ചെയ്യാനായി ഉപയോഗിച്ചിരിക്കുന്നത്. മൂവായിരം രൂപ ചെലവിലാണ് സെബീർ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിയത്.