തൃശൂർ: ചരിത്രത്തിലാദ്യമായി എക്‌സൈസ് വകുപ്പിലെ പുതിയ ബാച്ചിന് ഓൺലൈൻ പരിശീലനം. കൊവിഡ് കാലത്തും നിയമനങ്ങൾ മുടങ്ങാതിരിക്കാനാണ് നടപടി. ജൂലയ് 23ന് തൃശൂരിലെ എക്സൈസ് അക്കാദമിയില്‍ പരിശീലനം ആരംഭിക്കും. 159 എക്സൈസ് ഓഫീസർമാർ, മൂന്ന് വനിത സിലില്‍ എക്സൈസ് ഓഫീസർമാര്‍, 15 എക്സൈസ് ഇൻസ്പെക്ടർമാർ എന്നിവർക്കാണ് 23ന് പരിശീലനം ആരംഭിക്കുന്നത്. നിയമന ഉത്തരവർ ലഭിച്ചവർ 23ന് വീടിനടുത്തുള്ള എക്സൈസ് ഓഫീസുകളില്‍ റിപ്പോർട്ട് ചെയ്യണം.
തൃശൂരിലെ എക്‌സൈസ് അക്കാദമിയിൽ മുന്നൊരുക്കം പൂർത്തിയായതായി എക്‌സൈസ് അക്കാദമി പ്രിൻസിപ്പൽ വി.പി സലേഷ്‌കുമാർ അറിയിച്ചു. മൂന്ന് മാസം ഓൺലൈൻ വഴി തിയറി ക്ലാസുകൾ നൽകും. ദിവസം മൂന്ന് ക്ലാസുളാണ് നല്‍കുന്നത്. ഓരോ ഓഫീസിലും ക്ലാസിന്‍റെ ചുമതല വഹിക്കാൻ മെന്‍റര്‍മാരുണ്ടാകും. ജില്ല തലത്തിൽ വിമുക്തി മാനേജർമാരായ അസിസ്റ്റന്‍റ് കമ്മിഷണർമാർക്കാണ് ചുമതല. തിയറി ക്ലാസിന് ശേഷം മൂന്ന് മാസം പ്രാഥമിക പരിശീലനം എക്‌സൈസ് റേഞ്ച് ഓഫീസുകളിൽ നടക്കും. തുടർന്ന് കൊവിഡ് സ്ഥിതി പരിഗണിച്ചും സർക്കാർ നിർദേശങ്ങൾക്കനുസരിച്ചും അക്കാദമിയിൽ എത്തിച്ച് മറ്റ് പരിശീലനങ്ങൾ നൽകും. സിവിൽ എക്‌സൈസ് ഓഫീസർമാർക്ക് ആറ് മാസവും ഇൻസ്‌പെക്ടർമാർക്ക് ഒരു വർഷവുമാണ് പരിശീലന കലായളവ്. അതനുസരിച്ച് പരിശീലനം ക്രമീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പിഎസ്‌സി ഉദ്യോഗാർഥികൾക്ക് അഡ്വൈസ് മെമോ അയച്ചെങ്കിലും കൊവിഡും ലോക്ക്ഡൗണും കാരണം പരിശീലനം ആരംഭിക്കാത്തതിനാല്‍ നിയമനം നടത്താനായില്ല. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും ഇടപെട്ടാണ് ഓൺലൈൻ പരിശീലനം ആരംഭിക്കാൻ നിർദേശിച്ചത്.