തൃശൂര്‍: കൊവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ട ഇരിങ്ങാലക്കുട മേഖലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കാൻ തീരുമാനിച്ചു. മന്ത്രി എ.സി മൊയ്തീന്‍റെ സാനിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഇരിങ്ങാലക്കുട നഗരസഭയിലും, മുരിയാട് പഞ്ചായത്തിലുമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
നാളെ മുതലാണ് ലോക്ക് ഡൗൺ പ്രാബല്യത്തിൽ വരിക. തൃശൂര്‍ ജില്ലയിൽ ഇതുവരെയായി ആകെ രോഗം സ്ഥിരീകരിച്ചത് 1024 പേർക്കാണ്. നിലവിൽ ചികിത്സയിലുള്ളത് 416 പേരാണ്. ഏഴായിരത്തോളം ആളുകളെ ചികിത്സിക്കാൻ കഴിയുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഇതുവരെ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി എ.സി മൊയ്‌തീൻ അറിയിച്ചു.
ഇതിനിടെ മുളംകുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തിയ രണ്ട് പേർക്ക് രോഗം സ്ഥിരികരിച്ചു. ഇതോടെ ഡോക്ടർമാർ ഉൾപ്പെടെ അന്‍പതോളം പേരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചതായും മന്ത്രി തൃശ്ശൂര്‍ കലക്ടറേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷന്‍ അടച്ചു.
ചാലക്കുടിയിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കും കണ്ടക്ടർക്കും ചുമട്ടുതൊഴിലാളിക്കും കുടുംബശ്രീ പ്രവർത്തകക്കും രോഗബാധയുണ്ട്. ഇവരുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ജില്ലയിൽ 313 പേർക്കാണ് ഇതുവരെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.