തൃശൂർ : ഓരോ പൂര പ്രേമിയുടെയും ഒരു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വടക്കുംനാഥന്‍റെ മുന്നിൽ ആദ്യമെത്തിയത് കണിമംഗലം ശാസ്താവാണ്. രാവിലെ അഞ്ച് മണിക്ക് ശാസ്താവ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരങ്ങളുടെ പൂരത്തിന് തുടക്കമായത്. ശാസ്താവിന് തൊട്ടു പിന്നാലെ ഘടക പൂരങ്ങളായ ഏഴ് ദേവി ദേവന്മാർ കൂടി വിവിധ ദേശങ്ങളിൽ നിന്നെത്തിയതോടെ പൂരപ്രേമികളെ ആവേശത്തിലാഴ്ത്തി ചെറുപൂരങ്ങൾക്ക് തുടക്കം. ഓരോ ഘടകപൂരങ്ങൾക്കും ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കയറിയതോടെ ആവേശം ഉച്ചസ്ഥായിയിൽ.
തുടർന്ന് പഞ്ചവാദ്യങ്ങളുടെ അകമ്പടിയുമായി തിരുവമ്പാടി ഭഗവതി മഠത്തിലേക്കും, വടക്കുംനാഥന്‍റെ മുമ്പിലേക്കും എഴുന്നള്ളിപ്പ് ആരംഭിച്ചു.
17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഒപ്പം ഒൻപത് മദ്ദളത്തിന്‍റെയും നാല് ഇടയ്ക്കയുടെയും മേള ഘോഷത്തിലാണ് ദേവിയുടെ എഴുന്നള്ളിപ്പ് നടന്നത്. പാറമേക്കവ് ഭവതിയുടെ വടക്കുംനാഥ സന്നിധിയിലേക്കുള്ള എഴുന്നള്ളിപ്പും കൂത്തമ്പലത്തിൽ പ്രവേശിച്ചതോടെ പൂരനഗരിയെ ആവേശത്തിലാക്കി ഇലഞ്ഞി തറയിൽ പെരുവനം നയിക്കുന്ന മേളം മുഴങ്ങി. പാറമേക്കാവ് വിഭാഗത്തിന്‍റെ ചെമ്പട മേളത്തിനിടെ കുട്ടൻമാരാർ തളർന്നു വീണത് പൂരപ്രമികളെ ആശങ്കയിലാക്കിയെങ്കിലും, ചികിത്സയ്ക്ക് ശേഷം മാരാർ തിരിച്ചെത്തിയതോടെ ഇലഞ്ഞിത്തറയിൽ ആവേശം കൊട്ടിക്കയറി.
മേള ചടങ്ങുകൾ അവസാനിച്ചതോടെ കുടമാറ്റത്തിനായുള്ള കാത്തിരിപ്പ്. ഏറെ വൈകാതെ നിറങ്ങളുടെ വിസ്മയം തീർത്തു വർണകുടകൾ ഒന്നായി ഉയർന്നു. കഥകളി രൂപങ്ങൾ മുതൽ മിക്കി മൗസിന്‍റെ ചിത്രങ്ങൾ വരെയുള്ള കുടകളും, സൈനിക വേഷം അണിഞ്ഞ കുടകളുമെല്ലാം പൂര നഗരിയിൽ ഉയർന്നു പൊങ്ങി. പാറമേക്കാവ് - തിരുവമ്പാടി വിഭാഗങ്ങൾ ഒന്നിനൊന്നു മികച്ചു നിന്നതോടെ വടക്കുംനാഥന്‍റെ മണ്ണിലെ വർണ്ണ കുടമാറ്റം ദൃശ്യ വിസ്മയമായിമാറി.
നാളെ പുലർച്ചെയാണ് വെടിക്കെട്ട്. നേരം പുലരുന്നതോടെ പകൽപ്പൂരത്തിന് തുടക്കമാകും. ശേഷം തിരുവമ്പാടി - പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ഇക്കൊല്ലത്തെ പൂരച്ചടങ്ങുകൾക്ക് സമാപനം. ഒപ്പം ഓരോ പൂരപ്രേമിക്കും മറ്റൊരു പൂരത്തിനായുള്ള കാത്തിരിപ്പും.