തൃശ്ശൂർ: മണലൂർ ഗ്രാമപഞ്ചായത്തിലെ ചാത്തംകുളങ്ങര പാടശേഖരത്തിലെ പത്ത് സെന്റിൽ അനധികൃതമായി നിർമ്മിച്ച കുളം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ നടപടി തുടങ്ങി. ജില്ലാ കലക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വർഷം മുമ്പ് പാടത്ത് അനധികൃതമായി 15 അടി താഴ്ചയിൽ മണ്ണെടുത്ത് നിര്‍മ്മിച്ച കുളമാണ് പൂർവ്വസ്ഥിതിയിലാക്കുന്നത്.
പഞ്ചായത്ത് അധികൃതരുടെ അറിവോ സമ്മതമോ കൂടാതെയാണ് കുളം നിർമ്മിച്ചത്. അനധികൃത നിർമ്മാണത്തിനെതിരെ മണലൂർ പഞ്ചായത്തും, കാരമുക്ക് വില്ലേജ് ഓഫീസും, മണലൂർ കൃഷിഭവനും, ചാത്തംകുളങ്ങര പാടശേഖര നെല്ലുൽപ്പാദന സമിതിയും ശക്തമായ നിലപാട് എടുക്കുകയായിരുന്നു. വില്ലേജ് ഓഫീസർ കെ എസ് ധന്യ, കൃഷി ഓഫീസർ മാലിനി ടി ഡി എന്നിവർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഭൂവുടമയെ കലക്ടർ ഹിയറിങ്ങിന് വിളിപ്പിച്ചിരുന്നു. കൃഷി ആവശ്യത്തിന് വേണ്ടിയാണ് കുളം നിർമ്മിച്ചതെന്ന ഉടമയുടെ വാദം കൃഷി ഓഫീസർ നിഷേധിച്ചു. കുളത്തിന് ചുറ്റുമുള്ള പാടശേഖരത്തിൽ വിജയകരമായി നെൽകൃഷി നടക്കുന്നുണ്ടെന്ന് കൃഷി ഓഫീസര്‍ വാദിച്ചു. പ്രശ്നത്തിൽ വിട്ടുവീഴ്ചയുണ്ടായാൽ സമാന ആവശ്യങ്ങൾ ഉയരാനുള്ള സാധ്യതയുണ്ടെന്ന വില്ലേജ് ഓഫീസറുടെ വാദവും കലക്ടർ പരിഗണിച്ചു. തുടർന്ന് കുളം പൂർവ്വസ്ഥിതിയിലാക്കണമെന്ന് കലക്ടർ ഉത്തരവിടുകയായിരുന്നു.