തൃശൂര്‍: കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചുചേർക്കും. തൃശൂര്‍ കലക്ട്രേറ്റിൽ ചേർന്ന മന്ത്രിമാരുടെയും എംഎൽഎമാരുടെയും യോഗത്തിലാണ് തീരുമാനം. ജില്ലയിലെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളൊഴികെയുള്ള സ്ഥലങ്ങളിലാണ് അതാത് എംഎൽഎമാരുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർക്കുക. കൊവിഡ്-മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണിത്.
തൃശൂര്‍ ജില്ലയിലെ സ്ഥിതിഗതികൾ ഇന്ന് കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഈ ആഴ്‌ചയിൽ 357 പേരെങ്കിലും കൊവിഡ് ചികിത്സക്കായി ആശുപത്രിയിലെത്തുമെന്നതായിരുന്നു ആരോഗ്യവകുപ്പിന്‍റെ കണക്കുകൂട്ടൽ. എന്നാൽ 195 പേർ മാത്രമാണിപ്പോൾ ചികിത്സയിലുള്ളത്. തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ 240 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം നിലവിലുണ്ട്. ചാലക്കുടി ആശുപത്രിയിൽ 70, കൊരട്ടി ആശുപത്രിയിൽ 100, മുളംകുന്നത്തുകാവ് ഇഎസ്ഐ ആശുപത്രിയിൽ 60 കിടക്കകളും സജ്ജമാണ്. തിങ്കളാഴ്‌ച കൊരട്ടിയിലെ ആശുപത്രി പ്രവർത്തനം തുടങ്ങും. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട ആശുപത്രികളിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തീവ്രമായ വ്യാപനമുണ്ടാവുകയാണെങ്കിൽ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ 270 കിടക്കകളുള്ള വാർഡും കൊവിഡ് ആശുപത്രിയാകും.
ആവശ്യമെങ്കിൽ ഇൻഡോർ സ്റ്റേഡിയങ്ങൾ ക്വാറന്‍റൈൻ കേന്ദ്രങ്ങളാക്കുന്ന കാര്യവും പരിഗണിക്കും. ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ ശുചീകരണം കർശനമാക്കണം. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണം. ചരക്കുവണ്ടികളുടെ അനധികൃത പാർക്കിങ് അനുവദിക്കില്ല. വെയർ ഹൗസുകൾ, ഗോഡൗണുകൾ എന്നിവിടങ്ങളില്‍ സാമൂഹ്യ അകലവും നിയന്ത്രണങ്ങളും പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. മന്ത്രിമാരായ എ.സി.മൊയ്‌തീൻ, വി.എസ്.സുനിൽകുമാർ, ഗവണ്‍മെന്‍റ് ചീഫ് വിപ്പ് അഡ്വ.കെ.രാജൻ, ജില്ലാ കലക്‌ടർ എസ്.ഷാനവാസ്, എംഎല്‍എമാര്‍ തുടങ്ങിയവർ പങ്കെടുത്തു.