തൃശൂര്‍: കൊട്ടേക്കാട് മത്സരയോട്ടം നടത്തി അപകടമുണ്ടായി വയോധികന്‍ മരിച്ച സംഭവത്തില്‍ ഥാറിലുണ്ടായിരുന്ന രണ്ട് പേരെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ ഥാറിലുണ്ടായിരുന്ന ഡ്രൈവര്‍ അയ്യന്തോള്‍ സ്വദേശി ഷെറിനെ നേരത്തെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു.
ഒളിവില്‍ പോയ രണ്ട് പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിനും മനപൂര്‍വ്വമായ നരഹത്യക്കുമാണ് ഷെറിനെതിരെ പൊലീസ് കേസെടുത്തത്. ബി.എം.ഡബ്ളിയു വാഹനത്തിലുണ്ടായിരുന്നയാളും ഷെറിനും തമ്മില്‍ മുന്‍ പരിചയമില്ലെന്നാണ് ഷെറിന്‍റെ മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
അതേ സമയം സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഇവരുടെ ലൈസന്‍സും വാഹനത്തിന്‍റെ രജിസ്ട്രേഷനും റദ്ദാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ ബി.എം.ഡബ്ളിയു വാഹനത്തിനെതിരെ പൊലീസ് റിപ്പോർട്ട് ലഭിച്ച ശേഷമാകും മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി. ബുധനാഴ്‌ച രാത്രി 10 മണിക്കാണ് കൊട്ടേക്കാട് വെച്ച് ഥാര്‍, ടാക്‌സി കാറിലിടിച്ച് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന പാടൂക്കാട് സ്വദേശി രവി ശങ്കറാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രവിശങ്കറിന്‍റെ ഭാര്യ മായ, മകള്‍ വിദ്യ, ചെറുമകള്‍ ഗായത്രി, ടാക്‌സി ഡ്രൈവര്‍ രാജന്‍ എന്നിവര്‍ ചികിത്സയില്‍ തുടരുകയാണ്. ബി.എം.ഡബ്ളിയു കാറുമായി മത്സരയോട്ടം നടത്തുന്നതിനിടെയാണ് ഥാർ കാറിലിടിച്ചത്. ഥാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് മരിച്ച രവിശങ്കറിന്‍റെ ഭാര്യ മായ പറഞ്ഞു.
അമിത വേഗത്തിലെത്തിയ കാർ, ടാക്‌സി കാറിന് മുന്നില്‍ കടന്ന് പോയെന്നും തൊട്ട് പിന്നാലെ അമിത വേഗത്തിലെത്തിയ ഥാര്‍ കാറില്‍ ഇടിച്ച് കയറുകയായിരുന്നെന്നും ടാക്‌സി ഡ്രൈവര്‍ രാജന്‍ പറഞ്ഞു.
also read: തൃശൂരില്‍ മദ്യലഹരിയില്‍ ആഡംബര കാറുകളുടെ മത്സരയോട്ടം ; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്