തൃശൂര്‍: ഇരുചക്രവാഹനങ്ങളില്‍ ലിഫ്റ്റ് ചോദിച്ച് കയറി മൊബൈല്‍ ഫോണും പേഴ്‌സും കവര്‍ച്ച നടത്തുന്നയാള്‍ പിടിയില്‍. ഇളമനസ് എന്ന പേരില്‍ അറിയപ്പെടുന്ന വെളയനാട് സ്വദേശി റിജുവിനെ (21) യാണ് പൊലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗീസിന്‍റെ നിര്‍ദേശ പ്രകാരം എസ്.ഐ അനൂപ് പി.ജിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
വെളയനാട് സ്വദേശിയുടെ ബൈക്കില്‍ കയറി മോഷണം നടത്തിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് റിജു പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് ജോലിയ്ക്കായി ഒപ്പം ചേര്‍ന്ന് ഇവരുടെ പണവും മൊബൈലും ഇയാള്‍ ഇത്തരത്തില്‍ മോഷ്‌ടിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ബസ്സ്റ്റാന്‍റിലുള്ള മൊബൈല്‍ ഷോപ്പില്‍ നിന്ന് മോഷണം നടത്തിയ പണം കൊണ്ട് പ്രതി പുതിയ ഫോണ്‍ വാങ്ങുകയും ചെയ്‌തു. പൊലീസ് ഇവിടെയെത്തി തെളിവെടുപ്പ് നടത്തി. അഞ്ച് ബൈക്കുകള്‍ മോഷ്‌ടിച്ച കേസില്‍ ഇയാളെ നേരത്തെ ആളൂര്‍ പൊലീസ് പിടികൂടിയിരുന്നു. എസ്.ഐ ക്ലീറ്റസ്, സി.പി.ഒമാരായ അനൂപ് ലാലന്‍, വെശാഖ് മംഗലന്‍ എന്നിവരാണ് പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.