തൃശൂർ: അവധി ആഘോഷിക്കാനായി കടപ്പുറത്തെത്തിയ രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി. പെരിഞ്ഞനം ആറാട്ടുകടവില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. തൃശൂർ കാട്ടൂർ സ്വദേശികളായ കുരുതുകുളങ്ങര പീറ്ററിന്‍റെ മകന്‍ അൽസൺ(14), കുരുതുകുളങ്ങര ജോഷിയുടെ മകൻ ഡെൽവിൻ(13) എന്നിവരെയാണ് കാണാതായത്. കാട്ടൂർ ഫാത്തിമ മാതാ പള്ളിയിലെ അൾത്താര ബാലന്‍മാരും സെമിനാരി വിദ്യാർഥികളുമാണ് അവധി ആഘോഷിക്കാൻ കടപ്പുറത്തെത്തിയത്.
ആറ് വിദ്യാർഥികളും നാല് മുതിർന്നവരും ഉൾപെട്ട സംഘം ബീച്ചില്‍ ഫുട്ബോൾ കളിക്കുന്നതിനിടെ കടലില്‍ വീണ പന്ത് എടുക്കാൻ പോയ മൂന്ന് വിദ്യാർഥികളാണ് തിരയിൽ പെട്ടത്. ഒരാളെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കണ്ടെത്താനായില്ല. രക്ഷപ്പെട്ട കാട്ടൂർ സ്വദേശി ചിറ്റിലപ്പിള്ളി ഡേവീസിന്‍റെ മകൻ ഡെൽവിനെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയ്പമംഗലം പൊലീസും, അഴീക്കോട് തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് കാണാതായ വിദ്യാർഥികൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്.