തൃശൂർ: ഗഡ്യേ.. തൃശൂരിനി പഴേ തൃശൂരല്ലട്ടാ.. നല്ല ഗമണ്ടൻ മൃഗശാല വര്യാ..
അതെ, തൃശൂർക്കാർക്കിത് അഭിമാന നിമിഷമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്ക് തൃശൂർ ജില്ലയിലെ പുത്തൂരിൽ ഒരുങ്ങുകയാണ്. മൃഗങ്ങൾക്ക് സ്വാഭാവിക വനപ്രദേശത്തിന്‍റെ പശ്ചാത്തലത്തിൽ സ്വതന്ത്രമായി വിഹരിക്കാൻ 338 ഏക്കർ (1.36 കിലോമീറ്റര്‍) വനഭൂമിയിലാണ് പാർക്ക് ഒരുങ്ങുന്നത്. 23 വാസസ്ഥലങ്ങളായി വിപുലമായ സംവിധാനങ്ങൾ പാർക്കിൽ തയ്യാറാവുകയാണ്.
സിംഹവും കടുവയും വിവിധയിനം പക്ഷികളുമടങ്ങുന്ന തൃശൂർ മൃഗശാല പ്രവർത്തിക്കുന്നത് നഗരത്തിൽ ചെറിയ മതിൽക്കെട്ടിനുള്ളിലെ കൊച്ചു കൂടുകളിലായാണ്. ഇതിൽ നിന്നും വിശാലമായൊരുക്കിയ പ്രദേശത്തേക്കാണ് മൃഗങ്ങൾ ഇനിയെത്തുക. ഇതോടെ വനത്തിലേതിന് സമാനമായി പക്ഷിമൃഗാദികൾക്ക് ഓടിനടക്കാനും സ്വതന്ത്രമായി വിഹരിക്കാനും സാധിക്കുന്നു. ഇതെല്ലാം സന്ദർശകർക്ക് കാണാൻ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഡിസംബർ അവസാനത്തോടെ മൂന്ന് ഘട്ടങ്ങളുടെയും നിർമാണം പൂർത്തീകരിച്ച് മുഴുവൻ മൃഗങ്ങളെയും പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കെ. രാജു പറഞ്ഞു.
ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്ന നാല് കൂടുകളുടെ നിർമാണം പാർക്കിൽ പൂർത്തിയായിട്ടുണ്ട്. സിംഹവാലൻ കുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത്, വിവിധയിനം പക്ഷികൾ എന്നിവക്കുള്ള കൂടുകളാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുന്നത്. രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന എട്ട് കൂടുകളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. ജല വിതരണം, വൈദ്യുതീകരണം തുടങ്ങിയ സംവിധാനങ്ങളുടെ നിർമാണവും നടക്കുന്നു. പ്രദേശത്ത് സാമൂഹിക, പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കിയ ശേഷമാണ് നിർമാണം ആരംഭിച്ചത്. ഗവേഷണവും പഠനവും ഒപ്പം ടൂറിസവും ലക്ഷ്യമാക്കി നിർമിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിനെ ഒമ്പത് മേഖലകളായി തിരിച്ച് പത്തു ലക്ഷത്തോളം വൃക്ഷ തൈകളും വച്ചു പിടിപ്പിക്കുന്നുണ്ട്.