തൃശൂർ: ഗുരൂവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാറിന് പുനർലേലത്തിൽ 43 ലക്ഷം രൂപ. പുനർലേലത്തിൽ അങ്ങാടിപ്പുറം സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ വിഘ്‌നേഷ് വിജയകുമാറാണ് 43 ലക്ഷം രൂപയ്‌ക്ക് ലേലം ഉറപ്പിച്ചത്. ഇത് കൂടാതെ ജിഎസ്‌ടിയും അടക്കണം.
15.10 ലക്ഷം രൂപയ്‌ക്ക് പ്രവാസിയായ അമൽ മുഹമ്മദ് ലേലം കൊണ്ട വാഹനത്തിനാണ് പുനർ ലേലത്തിൽ 43 ലക്ഷം ലഭിച്ചത്. അമൽ മുഹമ്മദിന്‍റെ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് ഹിന്ദു സംഘടന കോടതിയെ സമീപിച്ചിരുന്നു. അന്ന് ലേലത്തിൽ പങ്കെടുത്തത് ഒരാൾ മാത്രമായിരുന്നു. വേണ്ടത്ര പ്രചാരവും സമയവും നൽകാതെ തിടുക്കത്തിലാണ് അന്ന് ലേലം നടത്തിയത് എന്ന് പരാതികളെ തുടർന്നാണ് ദേവസ്വം കമ്മിഷണർ വീണ്ടും ലേലം നടത്താൻ തീരുമാനിച്ചത്.
ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി കൂടുതൽ പ്രചാരണം നൽകിയിരുന്നതിനാൽ കൂടുതൽ ആളുകളും ലേലത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി നൽകിയതാണ് വാഹനം.