തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ബുക്ക് ചെയ്‌തിട്ടുള്ളത് പത്ത് വിവാഹങ്ങൾ. രാവിലെ ആറ് മണിക്കും ഉച്ചക്ക് 12 മണിക്കും ഇടയിൽ ഈ വിവാഹങ്ങൾ ക്ഷേത്രനടയിൽ കല്യാണമണ്ഡപത്തിൽ നടക്കും. 10 മിനിറ്റ് മാത്രമാണ് കല്യാണമണ്ഡപത്തിലെ താലികെട്ടിനും മറ്റു ചടങ്ങുകൾക്കുമായി അനുവദിച്ചിട്ടുള്ളത്. 20 മിനുട്ട് അണുനശീകരണത്തിനും, ചെക്കിങ്ങിനും, സർട്ടിഫിക്കറ്റുകൾ വേരിഫിക്കേഷനുമായാണ് അനുവദിച്ചിരിക്കുന്നത്. അതു കൊണ്ട് വിവാഹ സംഘം 30 മിനുട്ട് മുമ്പ് മേൽ പത്തൂർ ഓഡിറ്റോറിയത്തിൽ എത്തി വിവാഹത്തിന്‍റെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കേണ്ടതുണ്ട്. വിവാഹത്തിൽ രണ്ട് ഫോട്ടോഗ്രാഫർമാർ അടക്കം 12 പേരെയാണ് അനുവദിക്കുക.
കല്യാണ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങുകൾ ചിത്രീകരിക്കാൻ മാത്രമാണ് അനുവാദമുള്ളത്. പിന്നീട് ക്ഷേത്രത്തിന് സമീപത്തും ചുറ്റുമുള്ള ചിത്രീകരണം പൂർണമായി നിരോധിച്ചിട്ടുണ്ട്. ഒരു ദിവസം പരമാവധി 40 വിവാഹം മാത്രമേ അനുവദിക്കൂ. ജൂൺ നാലിന് ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരാരംഭിച്ചുവെങ്കിലും കൊവിഡ് ജാഗ്രത വര്‍ധിപ്പിച്ചതിനെ തുടർന്ന് 13ന് വിവാഹം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പിന്നീട് ഇന്ന് മുതലാണ് വിവാഹങ്ങൾ പുനരാരംഭിക്കുന്നത്.
ക്ഷേത്രത്തിൽ ആദ്യ വിവാഹം രാവിലെ 6.50ന് നടന്നു. മലപ്പുറം പുറങ്ങ് സ്വദേശി പുല്ലേരി വീട്ടിൽ ഗീതു, പുറങ്ങ് സ്വദേശി ഇളയാംകുന്ന് വീട്ടിൽ സുനിൽ കുമാര്‍ എന്നിവരുടെ വിവാഹമാണ് ഇന്ന് ആദ്യം നടന്നത്. വരനേയും വധുവിനേയും മേൽപത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ പ്രവർത്തകർ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയരാക്കിയ ശേഷം മറ്റു സർട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ച് 12 ആളുകളെ കല്യാണ മണ്ഡപത്തിലേക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടത്തി വിട്ടു. തുടര്‍ന്ന് താലി കെട്ട് നടത്തി. 10 മിനുട്ട് കൊണ്ട് ചടങ്ങുകൾ എല്ലാം പൂർത്തിയാക്കി ക്ഷേത്രത്തില്‍ നിന്നും തിരിച്ചുപോയി.