തൃശൂര്‍: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരിച്ച രാജന്‍റെയും അമ്പിളിയുടെയും മക്കള്‍ക്ക് വീട് നിർമ്മിച്ച് നൽകാനും വിദ്യഭ്യാസ ചിലവ് ഏറ്റെടുക്കാനും നിർദ്ദേശം നൽകിയതായും കുട്ടികള്‍ക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കേരള പര്യടനത്തിനിടെ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ മുന്നേറ്റത്തിൽ എല്ലാവർക്കും ആത്മവിശ്വാസമുണ്ട്. വികസനം മുൻനിറുത്തിയുള്ള ചർച്ചകളാണ് യാത്രയിലുടനീളം നടക്കുന്നതെന്നും പതിനൊന്ന് ജില്ലകളിൽ പര്യടനം പൂർത്തിയാക്കിയെന്നും പിണറായി വിജയന്‍ പറഞ്ഞു. വാക്ക് പാലിക്കുന്ന സര്‍ക്കാറാണിതെന്ന് ജനങ്ങള്‍ക്ക് മനസിലായി.
വിദ്യഭ്യാസ മേഖലയിലെ വികസനമാണ് ഏറ്റവും കൂടുതൽ പേർ നിർദ്ദേശിക്കുന്നത്. വനിതാ കമ്മീഷന്‍റെ പ്രവർത്തനം വിപുലീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടണ്ട്. എൽ.ഡി.എഫിനോട് നേരത്തെ അകലം പാലിച്ചിരുന്നവരും യു.ഡി.എഫിനോട് ചേർന്ന് നിന്നവരും കേരളപര്യടനത്തിന്‍റെ ഭാഗമായി നടക്കുന്ന കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു. പാലിയേക്കര ടോൾപ്ലാസയിലെ പ്രശ്നങ്ങളിൽ ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി നടപടി സ്വീകരിക്കും. പി.ജെ.ജോസഫിന്‍റെ പ്രതികരണം ഗൗരവമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുതിരാൻ തുരങ്കം ജനുവരിയോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരുമായി ചർച്ച നടത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.