തൃശൂര്‍: തൃശൂര്‍ മണ്ണുത്തി കാർഷിക സർവകലാശാലയിലെ വിദ്യാർഥിയെ ഹോസ്‌റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബി.എസ്.സി രണ്ടാം വർഷ വിദ്യാർഥി പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷ് (20) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയാരോപിച്ച് എസ്.എഫ്.ഐ രംഗത്തെത്തി.
മണ്ണുത്തി ഹോർട്ടികൾച്ചർ കോളേജിൽ ബി.എസ്.സി ഹോണേഴ്‌സ് അഗ്രിക്കൾച്ചറൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു മഹേഷ്. രാവിലെ ഹോസ്‌റ്റൽ മുറിയിൽ മഹേഷിനെ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ: സമീർ വാങ്കഡെ ആര്യൻ ഖാനെ തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചന സംഘത്തിന്‍റെ ഭാഗം: നവാബ് മാലിക്
അതിനിടെ മഹേഷിന്‍റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് എസ് എഫ് ഐ രംഗത്തെത്തി. കെ.എസ്.യുവിന് വലിയ സ്വാധീനമുള്ള കാമ്പസാണ് ഹോൾട്ടികൾച്ചറെന്നും പഠിച്ചിറങ്ങിയവർ പോലും ഇപ്പോഴും കാമ്പസിൽ തമ്പടിക്കുകയാണെന്നും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ശരത് പ്രസാദ് പറഞ്ഞു. പുതിയതായി എത്തുന്ന കുട്ടികളെ റാഗ് ചെയ്യുന്നത് പതിവാണ്.
കഴിഞ്ഞ തവണയും സമാനമായി പരാതി ഉയർന്നിരുന്നു. കോളജിന്‍റെയും ഹോസ്‌റ്റലിന്‍റെയും സംരക്ഷണത്തിന് ചുമതലപ്പെട്ടവർ ഈ സംഘങ്ങൾക്ക് സൗകര്യമൊരുക്കി കൊടുക്കുകയാണ്. ശനിയാഴ്‌ച ക്ലാസില്‍ റാഗിങ് നടന്നതായി അറിഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ മരണത്തിലെ ദുരൂഹത നീക്കണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുമെന്നും ശരത് പ്രസാദ് വ്യക്തമാക്കി.