തൃശൂർ: വാഴത്തോട്ടത്തില്‍ ഒളിപ്പിച്ച ഇരുപത്തിയേഴര കിലോ കഞ്ചാവുമായി അറുപതുകാരൻ പിടിയിൽ. ഒല്ലൂർ, തൈക്കാട്ടുശ്ശേരി സ്വദേശി സുന്ദരനാണ് അറസ്റ്റിലായത്. ലോക്ക് ഡൗൺ വന്നാൽ കഞ്ചാവിന് വില കൂടുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍ ഇത്രയുമധികം കഞ്ചാവ് സൂക്ഷിച്ചത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ച് തൃശൂരിൽ സ്റ്റോക്ക് ചെയ്തത്. ആർക്കും സംശയം തോന്നാതിരിക്കാനാണ് 60 കാരനായ ഒരാളെ സൂക്ഷിപ്പുകാരനായി ഏർപ്പെടുത്തിയത്.
പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയിൽ 50 ലക്ഷം രൂപയോളം വില വരും. ഒല്ലൂർ മേഖലയിൽ കഞ്ചാവ് സുലഭമാണെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വാഴത്തോട്ടത്തിന് നടുവിലെ ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഈ തോട്ടത്തില്‍ രാത്രിസമയങ്ങളിൽ നിരവധി വാഹനങ്ങൾ വന്നു പോകുന്നുവെന്ന വിവരവും സിറ്റി പൊലീസ് കമ്മിഷണർക്ക് ലഭിച്ചിരുന്നു. കൂടുതല്‍ പ്രതികള്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.