തൃശൂര്‍: പത്ത് മാസത്തെ ഇടവേളക്ക് ശേഷം ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭാ സുരേന്ദ്രൻ പാർട്ടി പരിപാടിയിൽ. അയ്യന്തോൾ മണ്ഡലം ബിജെപി കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുര്‍ക്കരയില്‍ സംഘടിപ്പിച്ച ദീനദയാൽ ഉപാധ്യായ അനുസ്‌മരണ യോഗത്തിലാണ് ശോഭാ സുരേന്ദ്രൻ പങ്കെടുത്തത്. അനുസ്‌മരണം പുഷ്‌പാർച്ചന നടത്തി ശോഭാ സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു.
കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്‍റായതിന് ശേഷം പാര്‍ട്ടി പുനഃസംഘടനയോടെ പരിപാടികളിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. ഒടുവിൽ ആർഎസ്എസിന്‍റെയും പാർട്ടി ദേശീയ നേതൃത്വത്തിന്‍റെയും ശക്തമായ നിർദേശത്തെ തുടർന്ന് കഴിഞ്ഞയാഴ്‌ച ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്ത തൃശൂരിലെ പരിപാടിയിൽ പങ്കെടുത്തിരുന്നു. സമ്മേളനത്തിൽ പങ്കെടുത്തുവെങ്കിലും പാർട്ടി പരിപാടികളിൽ അപ്പോഴും പങ്കെടുത്തിരുന്നില്ല.
ദീനദയാൽ അനുസ്‌മരണത്തിലൂടെയാണ് നീണ്ട ഇടവേളക്ക് ശേഷം ശോഭാ സുരേന്ദ്രൻ ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നത്. സ്‌ത്രീകളടക്കമുള്ള അമ്പതോളം പ്രവർത്തകര്‍ വൈകുന്നേരം നടന്ന അനുസ്‌മരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു. അതേസമയം പാര്‍ട്ടിയില്‍ ഉന്നത സ്ഥാനം വഹിക്കുന്നവര്‍ ദീനദയാല്‍ അനുസ്‌മരണ പരിപാടിയില്‍ പങ്കെടുക്കണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ശോഭസുരേന്ദ്രനും പങ്കെടുത്തതെന്നാണ് സൂചന.