തൃശൂർ: രാജ്യത്താദ്യമായി നെൽവയലുടമകൾക്ക് റോയൽറ്റി നൽകി കേരളം. ഹെക്‌ടറിന് ഓരോ വർഷവും 2,000 രൂപ നിരക്കിലാണ് റോയൽറ്റി നൽകുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
നെൽകൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകൾക്കാണ് ഹെക്‌ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി അനുവദിക്കുന്നത്. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകൾ റോയൽറ്റിക്ക് അർഹരാണ്. നെൽവയലുകളിൽ വിള പരിക്രമണത്തിന്‍റെ ഭാഗമായി പയർ വർഗങ്ങൾ, പച്ചക്കറികൾ, എള്ള്, നിലക്കടല തുടങ്ങി നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താത്ത ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും.
നെൽവയലുകൾ തരിശിട്ടിരിക്കുന്ന ഭൂവുടമകൾ നെൽകൃഷിക്കായി ഭൂമി സ്വന്തമായോ ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തിയാലും റോയൽറ്റി അനുവദിക്കും. കൃഷി ഭൂമി മൂന്ന് വർഷം തുടർച്ചയായി തരിശിട്ടാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കില്ല. അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുമ്പോൾ റോയൽറ്റിക്ക് അപേക്ഷിക്കാം. റോയൽറ്റിക്കുള്ള അപേക്ഷ www.aims.kerala.gov.in എന്ന പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കണം. കർഷകർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം.