തൃശൂർ: കൊടുങ്ങല്ലൂരിൽ വനിത വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി റിയാസിനെ ആണ് ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രിയാണ് ഇയാള്‍ കൊടുങ്ങല്ലൂര്‍ എറിയാട് ചെമ്പറമ്പ് പള്ളി റോഡിൽ വഴിയരികിൽ കാത്ത് നിന്ന് സ്‌കൂട്ടറിൽ വരികയായിരുന്ന വനിത വ്യാപാരിയും ഇളങ്ങരപ്പറമ്പില്‍ നാസറിന്‍റെ ഭാര്യയുമായ റിൻസിയെ ആക്രമിച്ചത്.
കേരളവർമ ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള വസ്ത്ര വിപണന ശാല അടച്ച് കുട്ടികൾക്കൊപ്പം സ്‌കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ മേഖലയിൽ വെച്ച് സ്‌കൂട്ടർ തടഞ്ഞു നിറുത്തി 30ഓളം തവണ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിൻസി വെള്ളിയാഴ്‌ച പുലർച്ചെ മരിക്കുകയായിരുന്നു.
റിൻസിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ മുൻ ജീവനക്കാരനായിരുന്നു റിയാസ്. ആക്രമണത്തിന് ശേഷം രക്ഷപെട്ട റിയാസിന് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. വ്യക്തി വെെരാഗ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറയുന്നു.
Also Read: കൊടുങ്ങല്ലൂരില്‍ യുവാവിന്‍റെ വെട്ടേറ്റ വീട്ടമ്മ മരണപ്പെട്ടു