തൃശൂര്‍: വാടാനപ്പിള്ളി ഗണേശമംഗലത്ത് വയോധികയെ തലയ്‌ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. റിട്ടയേര്‍ഡ് അധ്യാപിക വസന്തയാണ് (73) മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.
ഗണേശമംഗലത്തുള്ള ഇരുനില വീട്ടില്‍ വസന്ത ഒറ്റയ്‌ക്കായിരുന്നു താമസിച്ചിരുന്നത്. രാവിലെയോടെ വീട്ടില്‍ നിന്നും വസന്തയുടെ നിലവിളി കേട്ടിരുന്നു. നാട്ടുകാര്‍ അങ്ങോട്ടേക്ക് ഓടിയെത്തിയപ്പോള്‍ വീടിന്‍റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നു.
തുടര്‍ന്ന് മതില്‍ ചാടികടന്ന് പരിശോധിച്ചപ്പോഴാണ് വസന്തയെ നാട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്‍റെ അടുക്കള വശത്ത് ഇന്‍റര്‍ലോക്ക് പാകിയ ഭാഗത്തായാണ് മൃതദേഹം കിടന്നിരുന്നത്. തലയ്‌ക്ക് മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം.
വസന്തയുടെ കഴുത്തിലുണ്ടായിരുന്ന സ്വര്‍ണമാല നഷ്‌ടപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. മോഷണത്തിന്‍റെ ഭാഗമായി നടന്ന കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. സംഭവസമയത്ത് വീടിന് പുറകിലൂടെ ഒരാള്‍ പോയിരുന്നുവെന്ന വിവരവും ദൃക്‌സാക്ഷികളില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് എന്‍ ശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘമെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.