തൃശ്ശൂർ: കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വധിച്ചത് എസ്‌ഡിപിഐ പ്രവര്‍ത്തകരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലക്കു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും കൊലനടത്തിയത് പുറത്ത് നിന്നുള്ള സംഘമാണെന്നും ചെന്നിത്തല പറഞ്ഞു. യഥാർഥ പ്രതികളെ പിടിക്കാതെ പൊലീസ് നിഷ്‌ക്രിയത്വം തുടരുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കൊല്ലപ്പെട്ട നൗഷാദിന്‍റെ ചാവക്കാട്ടെ പുന്നയിലെ വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ എട്ടരയോടെ പ്രതിപക്ഷ നേതാവ് ചാവക്കാട് പുന്നയിലെ നൗഷാദിന്റെ വീട്ടിലെത്തി. നൗഷാദിന്‍റെ ഉമ്മയെയും ഭാര്യയെയും ആശ്വസിപ്പിച്ചു. ശേഷം ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് പ്രവർത്തകരേയും ചെന്നിത്തല സന്ദർശിച്ചു.
അഞ്ചങ്ങാടി, വടക്കേക്കാട്, അകലാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഇരുപതോളം പേർക്ക് കൊലപാതകത്തിൽ പങ്കുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൃത്യം നടത്താൻ പ്രാദേശിക സൗകര്യം ചെയ്തുകൊടുത്ത നാലുപേർ പൊലീസ് കസ്റ്റഡിയിലാണ്. ഇവരിൽ നിന്നും പ്രതികളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത. രമേശ് ചെന്നിത്തലക്കൊപ്പം മുൻ എംഎൽഎ എംപി വിൻസെന്‍റ്, ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്‍റ് ഗോപപ്രതാപൻ തുടങ്ങിയവരും സന്ദർശനം നടത്തി.
വൈകിട്ട് ആറുമണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രാത്രി ഒമ്പത് മണിക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരും നൗഷാദിന്‍റെ ചാവക്കാട്ടെ വീട്ടിൽ സന്ദർശനം നടത്തും.