തൃശ്ശൂര്‍: ഇന്ധനവില അനിയന്ത്രിതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ബസ് സര്‍വീസ് തുടരാനാകില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ. ഡീസല്‍ വില കുതിച്ചുയരുകയാണ്. കേന്ദ്ര സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ എക്സൈസ് തീരുവ കുറച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അസോസിയേഷന്‍ തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയച്ചു.
2014 ൽ ക്രൂഡ് ഓയിൽ വില ബാരലിന് 140 ഡോളർ ആയിരുന്നപ്പോൾ 55 രൂപയായിരുന്നു ഡീസലിന് വില. നിലവില്‍ ബാരലിന് 63 ഡോളറാണ്. ഡീസൽ വില 85 രൂപയാണ്. അന്ന് മൂന്ന് രൂപ 46പൈസ ആയിരുന്നു കേന്ദ്രത്തിന്‍റെ എക്സൈസ് തീരുവയെങ്കിൽ ഇന്ന് ഡീസലിന്‍റെ തീരുവ 31 രൂപ 83 പൈസയാണ്. അതിനാല്‍ തന്നെ അടിയന്തരമായി കേന്ദ്രം എക്സെസ് തീരുവ കുറക്കണമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ല പ്രസിഡന്‍റ് എം.എസ് പ്രേംകുമാർ പറഞ്ഞു.
ലോക് ഡൗണിന് മുമ്പ് 62 രൂപയുണ്ടായിരുന്ന ഒരു ലിറ്റർ ഡീസലിന് ഇപ്പോൾ 84 രൂപ 80 പൈസയായി വർധിച്ചു. ഡീസൽ അടിക്കുന്നതിനും തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനുമുള്ള വരുമാനം ഈ സാഹചര്യത്തിൽ ബസുകൾക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ബസുകൾ ഉടൻ സർവീസ് നിർത്തിവെക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. പ്രധിഷേധത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച തൃശ്ശൂരിൽ ബസ് കെട്ടിവലിക്കല്‍ സമരം നടത്തും. അടുത്ത ഘട്ടത്തിൽ എറണാകുളം ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്‍റ് ഉപരോധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.