തൃശൂര്‍: വിസ്മയകാഴ്ചയായ കുടമാറ്റം നടക്കുന്ന തെക്കേ ഗോപുരനടയില്‍ വിരിഞ്ഞത് വർണങ്ങളുടെ കൂറ്റന്‍ സൗഹൃദ പൂച്ചന്തം. 52 അടി വ്യാസത്തിൽ 1200 കിലോഗ്രാം പൂക്കൾ ഉപയോഗിച്ച് ആറ് മണിക്കൂറോളമെടുത്താണ് ഈ ഭീമന്‍ അത്തപൂക്കളം തീർത്തത്.
തേക്കിൻകാടിന്‍റെ സായാഹ്ന സൗഹൃദ കൂട്ടായ്‌മയാണ് തെക്കേ ഗോപുരനടയിൽ ഭീമൻ പൂക്കളം ഒരുക്കിയത്. കേരളത്തിന്‍റെ ചരിത്രത്തിൽ ഇടം നേടിയതാണ് പൂരം നിറയുന്ന തേക്കിൻകാട്ടിലെ സൗഹൃദപ്പൂക്കളം. വടക്കും നാഥനിലെ പുലർച്ചെ മൂന്നിനുള്ള ആചാര വെടിക്ക് ശേഷമാണ് പൂക്കളം ഒരുക്കി തുടങ്ങിയത്. സൗഹൃദ കൂട്ടായ്മയിലെ നൂറിലേറെ പേരാണ് പൂക്കളമൊരുക്കിയത്. പ്രമുഖ ചിത്രകാരനും കൂട്ടായ്മായിലെ അംഗവുമായ ആർട്ടിസ്റ്റ് നന്ദൻപിള്ളയാണ് പൂക്കളം രൂപകല്പന ചെയ്തത്. വരാനിരിക്കുന്ന ഓണക്കാഴ്ചകളുടെ സാമ്പിളാണ് തെക്കേ ഗോപുര നടയില്‍ അത്തം നാളില്‍ വിരിഞ്ഞ ഭീമന്‍ പൂക്കളം. പതിറ്റാണ്ട് പിന്നിട്ടതാണ് ഈ കൂട്ടയ്മയുടെ തെക്കേനടയിലെ പൂക്കളമൊരുക്കല്‍.
സൗഹൃദകൂട്ടായ്മയ്‌ക്കൊപ്പം ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമുണ്ട്. മന്ത്രി വി.എസ്. സുനിൽകുമാർ പൂക്കളം നാടിന് സമർപ്പിച്ചു. മേയർ അജിത വിജയൻ, മേരി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തൃശൂരിന് ഇനി ഓണനാളുകളാണ്. പുലിക്കളിയുടെയും കുമ്മാട്ടിയുടെയും നാളുകള്‍.