തൃശൂർ: മുപ്ലിയത്ത് കുറുമാലിപുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയ്ക്കും മകനും നീർനായ ആക്രമണത്തില്‍ പരിക്കേറ്റു. മുപ്ലിയം പിടിക്കപറമ്പ് എടപറമ്പില്‍ സംഗീത (37) മകൻ യദുകൃഷ്ണ (11) എന്നിവർക്കാണ് പരിക്കേറ്റത്. പിടിക്കപറമ്പ് തേവര് കടവിൽ കുളിക്കുന്നതിനിടെ യദുകൃഷ്‌ണയെ നീർനായ ആക്രമിക്കുകയായിരുന്നു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സംഗീതയ്ക്കും നീർനായയുടെ കടിയേറ്റു.
യദു കൃഷ്ണയുടെ കൈയിലും തോളിലും പരിക്കേറ്റിട്ടുണ്ട്. സംഗീതയുടെ കാലിനാണ് പരിക്കേറ്റത്. ഇവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുറുമാലിപുഴയുടെ പലഭാഗങ്ങളിലായി നീർനായയുടെ ശല്യം രൂക്ഷമാകുന്നതായി പരാതിയുണ്ട്.