തൃശൂര്‍: ഓൺലൈനിലൂടെ ആളുകളെ വഞ്ചിച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാന അംഗം പിടിയില്‍. ജാർഖണ്ഡ് ധന്‍ബാദ് സ്വദേശി അജിത്ത്കുമാർ മണ്ഡൽ (22) ആണ് പിടിയിലായത്. ഇരിങ്ങാലക്കുടയിലെ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് സംഘം ജാർഖണ്ഡിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
യുവതിയുടെ ഭർത്താവില്‍ നിന്ന് 40,000 രൂപയാണ് അജിത്ത്കുമാര്‍ തട്ടിയെടുത്തത്. കെവൈസി പുതുക്കാനാണെന്ന വ്യാജേന എസ്ബിഐ ബാങ്കിന്‍റേതെന്ന് തോന്നിക്കുന്ന വ്യാജ ലിങ്ക് അയച്ച് കൊടുത്താണ് തട്ടിപ്പിന്‍റെ തുടക്കം. തുടർന്ന് ഈ ലിങ്കിൽ കയറി എക്കൗണ്ട് വിവരങ്ങള്‍ നല്‍കി. മെബെല്‍ നമ്പറിലേക്ക് വന്ന ഒടിപി യും അവർക്ക് നൽകി.
വൈകാതെ രണ്ട് തവണകളായി നാൽപതിനായിരം രൂപ അക്കൗണ്ടില്‍ നിന്ന് നഷ്‌ടപ്പെടുകയായിരുന്നു. തൃശൂർ റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി ഇരിങ്ങാലക്കുടയിലെ റൂറല്‍ സൈബർ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പ്രതി 50 ൽ പരം സിം കാര്‍ഡുകളും 25ൽപരം മൊബൈല്‍ ഫോണുകളും ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
ഒരു കുറ്റകൃത്യത്തിന് ഒരു സിം കാര്‍ഡ് എന്നതാണ് പ്രതിയുടെ രീതി. ഇയാള്‍ തട്ടിപ്പിനായി അയച്ച ലിങ്കിന്‍റെ ഡൊമൈൻ വിവരങ്ങളും മറ്റും ശേഖരിച്ച് ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാന്‍ പൊലീസിന് സാധിച്ചത്. 22 വയസിനുള്ളിൽ തന്നെ പ്രതിക്ക് ബംഗളൂരു, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായി പതിമൂന്നോളം ആഡംബര വീടുകളും ധൻബാദിലെ തുണ്ടി എന്ന സ്ഥലത്ത് 4 ഏക്കറോളം സ്ഥലവുമുണ്ട്.
കൂടാതെ ജാർഖണ്ഡിൽ ഏക്കറുകളോളം കൽക്കരി ഖനികളുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് രണ്ട് സ്വകാര്യ ബാങ്ക് അക്കൗണ്ടുകളും പശ്ചിമ ബംഗാൾ വിലാസത്തിലുള്ള 12 ഓളം ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്നും പൊലീസ് പറഞ്ഞു. സംസ്ഥാനത്ത് സമാനമായ കേസുകൾ ഉണ്ടായിട്ടുണ്ടോ എന്നറിയാന്‍ മറ്റ് ജില്ലയിലെ സൈബർ സ്റ്റേഷനുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് തൃശൂർ റൂറൽ പൊലീസ്.