തൃശൂർ: മൂന്ന് വർഷത്തിനിടെ മൂന്ന് പേരുടെ മരണം, വീട് ജപ്‌തി ചെയ്യുമെന്ന സഹകരണ ബാങ്കിന്‍റെ ഭീഷണി.. കടക്കെണിയില്‍ മനംതകർന്ന് തെരുവിലേക്കിറങ്ങേണ്ട അവസ്ഥയിലാണ് തൃശൂര്‍ ചേര്‍പ്പ് പെരുമ്പിള്ളിശ്ശേരിയിലെ ഈ പട്ടികജാതി കുടുംബം.
2017ലാണ് ചേർപ്പ് പെരുമ്പിള്ളിശേരി ചേനം വഴിയില്‍ വാട്ടര്‍ ടാങ്കിന് സമീപം ഓമനയുടെ ജാമ്യത്തില്‍ ഭര്‍ത്താവ് അയ്യപ്പന്‍റെ പേരിലുള്ള നാല് സെന്‍റ് പുരയിടം പണയപ്പെടുത്തി ചേർപ്പ് സഹകരണ ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ വായ്‌പയെടുത്തത്. ആദ്യഘട്ടത്തില്‍ വായ്‌പ തിരിച്ചടവ് മുടക്കമില്ലാതെ നടന്നു.
അതിനിടെ 2019 മാർച്ചിൽ ഇവരുടെ മകൾ ബിന്ദു കുളിമുറിയിൽ തലയിടിച്ച് വീണ് ചികിത്സയിലിരിക്കെ മരിച്ചു. 2020 മെയ് മാസത്തില്‍ അസുഖം ബാധിച്ച് അയ്യപ്പനും മരിച്ചു. 2021 ഒക്‌ടോബറിൽ ബിന്ദുവിന്‍റെ ഭർത്താവ് പുരുഷോത്തമൻ ഹൃദയാഘാതത്തെ തുടർന്നും മരണപ്പെട്ടു. ഇതിനിടെ സഹകരണ ബാങ്കിൽ നിന്നെടുത്ത നാല് ലക്ഷം രൂപ വായ്‌പ ഇപ്പോള്‍ പലിശയടക്കം ആറ് ലക്ഷത്തിലധികമായി ഉയർന്നു.
പണം അടച്ചില്ലെങ്കിൽ ജപ്‌തി നടപടികളിലേക്ക് കടക്കുമെന്ന് കാണിച്ച് നോട്ടിസും ലഭിച്ചു. മരിച്ച ബിന്ദുവിന്‍റെ മക്കളായ അശ്വിന്‍, അരുണ്‍ എന്നിവരും ഓമനയുമാണ് ഇനി ഈ വീട്ടിലുള്ളത്. ബിരുദ പഠനത്തോടൊപ്പം ഊരകത്തെ സിനിമ തിയേറ്ററില്‍ രാത്രി ജോലിയെടുത്ത് കിട്ടുന്ന അശ്വിന്‍റെ തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്.
ബിന്ദുവിന്‍റെ പേരിലുള്ള മൂന്നര സെന്‍റ് സ്ഥലവും ഓടിട്ട ചെറിയ വീടും വിറ്റ് കടം വീട്ടാമെന്ന് കരുതിയെങ്കിലും കെ റെയില്‍ പദ്ധതി കടന്നുപോകുന്ന പ്രദേശമായതിനാല്‍ ആരും വാങ്ങാൻ തയ്യാറായില്ല. സമീപത്തെ വീടും സ്ഥലവും വിറ്റ് വായ്‌പ അടയ്‌ക്കാനുള്ള സാവകാശം തേടിയെങ്കിലും ബാങ്കും കനിഞ്ഞിട്ടില്ല. ജനിച്ചുവളർന്ന വീട്ടില്‍ നിന്ന് പ്രായമായ അമ്മൂമ്മയേയും ചേർത്തു പിടിച്ച് തെരുവിലേക്കിറങ്ങേണ്ട അവസ്ഥയിലാണ് ഇവർ.