തൃശൂര്‍: കേരളത്തിലാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തൃശൂരിലും കർശന നിയന്ത്രണം നടപ്പിലാക്കുകയാണ് അധികൃതർ. അതേസമയം ജില്ലയിലെ ശക്തന്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെയുള്ള പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ അവശ്യ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ തിക്കും തിരക്കുമായിരുന്നു. പച്ചക്കറി ലോഡുമായി വാഹനങ്ങൾ എത്തിയതോടെ ചന്ത പതിവു പോലെ സജീവമായി. എന്നാൽ മിക്കവരും മാസ്ക് ധരിച്ചാണ് വരുന്നത്. കൈ കഴുകാനുള്ള സൗകര്യവും ആളുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ദേശീയപാതയിൽ അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾ ഒഴികെയുള്ളവ പൊലീസ് തിരിച്ചുവിട്ടു.
സ്വകാര്യ ബസ് സർവീസ് നിർത്തി വെച്ചതോടെ ശക്തൻ ബസ് സ്റ്റാൻഡ് ആളൊഴിഞ്ഞ മൈതാനം പോലെ വിജനമായി. അത്യാവശ്യം ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. ടാക്സി ഡ്രൈവർമാരും പൊലീസ് ഉദ്യോഗസ്ഥരും അടക്കം മാസ്കുകൾ ധരിച്ചാണ് ജോലിക്കെത്തിയത്. പൊതു ഇടങ്ങളിൽ അനാവശ്യമായി ഇറങ്ങി സർക്കാർ നിർദേശം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എ.സി.പി വി.കെ രാജു പറഞ്ഞു.
ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് പ്രവർത്തകർ പാലിയേക്കര ടോൾ പ്ലാസ ഓഫീസ് ഉപരോധിച്ചതിനെ തുടർന്ന് സമ്പർക്കം ഒഴിവാക്കാൻ വേണ്ടി കലക്ടർ എത്തി ടോൾ പിരിവ് പൂർണമായും നിർത്തിവെപ്പിച്ചു. ദേശീയപാത മണ്ണൂത്തിയിൽ വാഹന തിരക്ക് ഏറിയതോടെ മണ്ണൂത്തി പൊലീസ് അവശ്യ സർവീസ് ഒഴിച്ച് ബാക്കി എല്ലാ വാഹനങ്ങളും തടഞ്ഞ് തിരിച്ചുവിട്ടു. തൃശ്ശൂർ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന്‍റെ ഭാഗമായി പുഴക്കലിൽ പൊലീസ് കർശന പരിശോധനക്ക് ശേഷമാണ് ഗതാഗതം സാധ്യമാക്കുന്നത്.