തൃശൂര്‍: ഷെയറിട്ട് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് കണ്ണമ്പ്ര സ്വദേശി പ്രകാശന് എതിരെ ഇന്നലെ (14.07.2022) രാത്രിയോടെയാണ് ആക്രമണം. സംഭവത്തില്‍ തിരുവനന്തപുരം വാമനപുരം സ്വദേശി റെജി കുമാറിനെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്‌തു.
റെജികുമാറും പ്രകാശനും ഇവരുടെ മറ്റൊരു സുഹൃത്തായ ഷിനുവും പണം പങ്കിട്ട് മദ്യം വാങ്ങി കഴിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെയായിരുന്നു കൊലപാതക ശ്രമം. റെജികുമാറും, ഷിനുവും തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ പിടിച്ചു മാറ്റാൻ ശ്രമിച്ച പ്രകാശനെ റെജി കുമാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. കഴുത്തിന് ഗുരുതര പരിക്കേറ്റ പ്രകാശനെ ആദ്യം തൃശൂര്‍ ജില്ല ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇയാളെ വിദഗ്‌ധ ചികിത്സയ്‌ക്കായി ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി.