തൃശൂർ: കൊമ്പൊടിഞ്ഞാമാക്കലിൽ യുവാവിനെ ഇരുമ്പുവടി കൊണ്ട് അടിച്ച് വധിക്കാന്‍ ശ്രമിച്ച കേസിൽ ഒരാളെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്‌തു. ആളൂർ മാനാട്ടുകുന്ന് പേരിപറമ്പിൽ വീട്ടിൽ മുറി എന്നറിയപ്പെടുന്ന രതീഷ് (39 വയസ്) ആണ് പിടിയിലായത്.
നാലു മാസം മുൻപ് കൊമ്പൊടിഞ്ഞാമാക്കലിൽ റോഡരികിൽ നിൽക്കുകയായിരുന്ന പൊരുന്നംകുന്ന് സ്വദേശി ശ്രീകാന്തിനെയാണ് കാറിലെത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തുകയും ഭീകരമായി ആക്രമിക്കുകയും ചെയ്തത്. ഇരുമ്പുവടി കൊണ്ടും മറ്റുമുള്ള ആക്രമണത്തിൽ ശ്രീകാന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ അക്രമ സംഘത്തിലെ രണ്ടു പേരെ പിടികൂടിയിരുന്നു. മറ്റുള്ളവർ ഒളിവിൽ പോയതിനാല്‍ ഡിവൈഎസ്‌പി സി.ആർ സന്തോഷിന്‍റെ നേതൃതത്തിൽ പ്രത്യേക സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് രതീഷ് പിടിയിലായത്. മുൻപും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ഇരിങ്ങാലക്കുട, കൊടകര, ആളൂർ സ്റ്റേഷനുകളിലെ നിരവധി വധശ്രമ കേസുകളിലും, മാരകായുധങ്ങൾ കൈവശം വച്ച് ലഹളയുണ്ടാക്കിയ കേസുകളിലും പ്രതിയാണ്. അറസ്റ്റിലായ രതീഷിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കി.