തൃശ്ശൂർ ലോക്സഭാ മണ്ഡലം തിരികെ പിടിക്കാൻ ഡിസിസി പ്രസിഡന്‍റായ ടിഎൻ പ്രതാപനെയാണ് ഇത്തവണ കോൺഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ക്യാമ്പ് പൂർണമായും ഉണർന്നിരിക്കുകയാണ്. മത-സാമുദായിക ശക്തികൾക്ക് തൃശ്ശൂരിൽ നിർണായക സ്ഥാനമുണ്ട്. അതിനാൽ തന്നെ മത നേതാക്കളെ സന്ദർശിച്ച് പിന്തുണ ഉറപ്പാക്കിയായിരുന്നു ടിഎൻ പ്രതാപൻ പ്രചാരണം ആരംഭിച്ചത്. ബിഷപ്പുമാരായ ആൻഡ്രൂസ് താഴത്തിനെയും മാർ അപ്രേം തിരുമേനിയെയും പ്രതാപൻ അരമനയിലെത്തി സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടനെ സന്ദര്‍ശിച്ച പ്രതാപന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിലും സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട മണ്ഡലം യുഡിഎഫിന് തിരിച്ചു പിടിക്കാനാകുമെന്നും ജനങ്ങൾ അതാണ് ആഗ്രഹിക്കുന്നതെന്നും ടിഎൻ പ്രതാപൻ പറഞ്ഞു.
നാളെ നടക്കുന്ന യുഡിഎഫ് പാർലമെന്‍റ് മണ്ഡലം കൺവൻഷനോടെ തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. എൽഡിഎഫിനും യുഡിഎഫിനും ശേഷമാണെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി കൂടെ രംഗത്തെത്തിയാല്‍ തീപാറുന്ന പോരാട്ടത്തിനായിരിക്കും തൃശ്ശൂർ സാക്ഷ്യം വഹിക്കുക.