തൃശ്ശൂർ: കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മാവോയിസ്റ്റുകളുടെ മരണം വെടിയേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണിവാസകത്തിന്‍റെ ശരീരത്തില്‍ നിന്ന് മൂന്നു വെടിയുകള്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കളെ കാണിച്ചില്ല. മൃതദേഹം വിട്ടുകിട്ടാൻ മരിച്ചവരുടെ ബന്ധുക്കളാണെന്ന രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് അഗളി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് എന്നത് ശരിവയ്ക്കുന്ന വിവരങ്ങളാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവർക്ക് വെടിയേറ്റത് നിശ്ചിത ദൂരപരിധിക്ക് പുറത്തുനിന്നാണ്.
മണിവാസകന്റെ ശരീരത്തിൽ കണ്ടെത്തിയ മൂന്ന് വെടിയുണ്ടളില്‍ ഒന്ന് ശിരസ്സിലും രണ്ടെണ്ണം മറ്റ് ശരീര ഭാഗങ്ങളിൽ നിന്നുമാണ് കണ്ടെത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കാർത്തിയുടെ ഇടതു കൈപ്പത്തി വെടിയേറ്റു തകരുകയും നെഞ്ചിൽ തറച്ച വെടിയുണ്ട ശരീരം തുളച്ചു പുറത്തു പോകുകയും ചെയ്തു. രമയുടെ തലക്ക് വെടിയേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടം നടപടികൾ ക്രമം പാലിച്ചല്ലെന്നും തങ്ങൾക്ക് മൃതദേഹം കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്നും ആരോപിച്ച് കൊല്ലപ്പെട്ട കാർത്തിയുടെയും മണിവാസകത്തിന്റെയും ബന്ധുക്കൾ രംഗത്തുവന്നിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾ നിർത്തിവയ്ക്കണമെന്നും കാർത്തിയുടെ സഹോദരൻ മുരുഗേശൻ പാലക്കാട് റവന്യു ഡിവിഷൻ ഓഫീസർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇൻക്വസ്റ്റ് നടപടികൾക്ക് മുൻപ് മാത്രമാണ് ബന്ധുക്കളെ കാണിക്കാൻ അനുമതിയുള്ളുവെന്നും പോസ്റ്റ്‌മോർട്ടത്തിന് മുൻപ് ഇല്ലെന്നും പൊലീസ് അറിയിച്ചു.
എന്നാൽ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ പാലക്കാട് കോടതിയെ സമീപിക്കും. ബന്ധുക്കളെന്ന് തെളിയിക്കുന്ന അസൽ രേഖകൾ ഹാജരാക്കിയാൽ മൃതദേഹങ്ങൾ വിട്ടുകൊടുക്കുമെന്ന് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.