തൃശൂര്‍: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 67 വർഷം കഠിന തടവും 80,000 രൂപ പിഴയും വിധിച്ച് കോടതി. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ റഷീദാണ്(49) കേസിലെ പ്രതി. കുന്നംകുളം ഫാസ്‌റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി ശ്രീമതി ലിഷ. എസ് ആണ് ശിക്ഷ വിധിച്ചത്.
2020 ഓഗസ്‌റ്റ് മാസം 25-ാം തീയതി വൈകിട്ട് നാല് മണിയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം. പരീക്ഷയുടെ സംശയം ചോദിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രതി മദ്രസയിലെ മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി പീഡനവിവരം മാതാപിതാക്കളോട് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പാവറട്ടി പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു.
വിദ്യാലയങ്ങളിലും, മതപഠന കേന്ദ്രങ്ങളിലും കുട്ടികളുടെ രക്ഷകർത്താവായി പ്രവർത്തിക്കേണ്ടവരായ അധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവർത്തികൾ സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ചോദ്യം ചെയ്യപ്പെടേണ്ടതുമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അധ്യാപകരുടെ ഭാഗത്തുണ്ടായ വീഴ്‌ചകൾക്കും മോശം പ്രവർത്തികൾക്കുള്ള ശക്തമായിട്ടുള്ള താക്കീതും മുന്നറിയിപ്പുമാണ് ഈ വിധിന്യായമെന്ന് കോടതി അറിയിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ എസ് ബിനോയി ഹാജരായി.
കേസില്‍ 20 സാക്ഷികളെ വിസ്‌തരിക്കുകയും 30 രേഖകളും തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്‌തു. കൂടാതെ, ശാസ്‌ത്രീയമായ തെളിവുകളും നിരത്തി. പാവറട്ടി പൊലീസ് സ്‌റ്റേഷൻ ഇൻസ്പെക്‌ടറായ എം കെ രമേശിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.