തൃശൂർ: സംരംഭകർക്ക് നൂതന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തി തൃശൂരിൽ യന്ത്ര പ്രദർശന മേള. വ്യവസായ വകുപ്പാണ് തേക്കിൻകാട് മൈതാനിയിൽ മേള സംഘടിപ്പിച്ചത്. കേരളത്തിലെ ഉൽപാദന രംഗത്തെ യന്ത്രവത്ക്കരണം ആധുനികമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സംസ്ഥാന വ്യവസായ വകുപ്പ് വാണിജ്യ യന്ത്ര പ്രദർശനം സംഘടിപ്പിച്ചത്. സംരംഭങ്ങൾക്ക് ആവശ്യമായ ആധുനിക യന്ത്രസാമഗ്രികൾ ഒരു കുടക്കീഴിൽ അണി നിരത്തിയപ്പോൾ നിരവധി പേർക്ക് പ്രയോജനപ്രദമായി. കേരളത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ ആധുനിക സാങ്കേതിക വിദ്യകളും യന്ത്ര സാമഗ്രികളും മേളയിൽ പരിചയപ്പെടുത്തി.
കാർഷികാധിഷ്ഠിതം, ഭക്ഷ്യ സംസ്‌കരണം, പാക്കേജിങ്, ജനറൽ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് തുടങ്ങിയ വിഭാഗങ്ങളിലുള്ള യന്ത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. സംരംഭകർക്ക് അവരുടെ വ്യവസായങ്ങൾ നവീകരിക്കാനുള്ള അറിവ് നൽകുന്നതാണ് പ്രദർശനമെന്ന് യന്ത്ര നിർമാതാക്കൾ പറഞ്ഞു. മരാധിഷ്ഠിത വ്യവസായം, റബ്ബർ, പ്ലാസ്റ്റിക്, പാദരക്ഷകൾ, അച്ചടി, ആയുർവേദ മരുന്ന് നിർമാണം, മാലിന്യ സംസ്‌കരണം തുടങ്ങി വിവിധ മേഖലകളിലെ സംരംഭങ്ങൾക്കിണങ്ങുന്ന യന്ത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തുനിന്നുമായി 132 യന്ത്ര നിര്‍മാതാക്കളും വിതരണക്കാരുമാണ് മേളയില്‍ പങ്കെടുത്തത്.