തൃശൂര്‍: സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട പദ്ധതിയുടെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ തൃശൂര്‍ ജില്ലയിൽ പൂർത്തിയാക്കിയത് 14,687 വീടുകളുടെ നിർമാണം. വീടുകൾ ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാതല സംഗമവും ഭവന നിർമാണ പൂർത്തീകരണ പ്രഖ്യാപനവും ജനുവരി 23ന് ഉച്ചക്ക് 1.30ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ജില്ലാ കലക്ടർ എസ്. ഷാനവാസ് അറിയിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയില്‍ രണ്ടു ഘട്ടങ്ങളിലായി വീടു നിർമാണത്തിന് അപേക്ഷ സമര്‍പ്പിച്ചത് 17,251 ഗുണഭോക്താക്കളാണ്. ഇതിൽ 2,564 വീടുകൾ മാത്രമാണ് ഇനി നിർമാണം പൂർത്തിയാക്കാനുളളത്. സർക്കാർ ധനസഹായം ലഭിച്ചിട്ടും പലകാരണങ്ങളാൽ പൂർത്തിയാക്കാൻ കഴിയാതിരുന്ന വീടുകളുടെ നിർമാണമാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഏറ്റെടുത്തത്. ഇതിൽ തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ പട്ടികജാതിക്കാർക്കായി 179 വീടുകളും തൃശൂർ കോർപ്പറേഷനില്‍ 314 വീടുകളും ഏഴ് നഗരസഭകളിലായി 341 വീടുകളും 16 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,331 വീടുകളും 75 ഗ്രാമപഞ്ചായത്തുകളിലായി 353 വീടുകളും നിർമിച്ചു. പട്ടികജാതി വകുപ്പ് 305 വീടുകളും പട്ടികവർഗ വകുപ്പ് 118 വീടുകളും ഫിഷറീസ് വകുപ്പ് 10 വീടുകളും ന്യൂനപക്ഷ വകുപ്പ് മൂന്ന് വീടുകളും പൂർത്തിയാക്കി.
ഒന്നാം ഘട്ടത്തിൽ, ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളെല്ലാം ചേർന്ന് പൂർത്തിയാക്കിത് 2,953 വീടുകളാണ്. ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്ത് ഏറ്റവുമധികം വീടുകൾ നിർമിച്ച ജില്ലാ പഞ്ചായത്ത് എന്ന നേട്ടവും തൃശൂരിനാണ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 3,669 വീടുകളുടെ നിർമാണം ഇതിനോടകം പൂർത്തിയാക്കി. 1,034 ഗുണഭോക്താക്കളുടെ വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അവണൂർ, ചാഴൂർ, കണ്ടാണശേരി, കൊരട്ടി, നെൻമണിക്കര, പാവറട്ടി, പൊയ്യ, തോളൂർ എന്നീ പഞ്ചായത്തുകളിലുള്ള മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാക്കി. കോർപ്പറേഷനിലും ഏഴ് നഗരസഭകളിലുമായി പി.എം.എ.വൈ (നഗരം) പദ്ധതി പ്രകാരം 6,575 വീടുകളും പി.എം.വൈ (ഗ്രാമം) പദ്ധതി പ്രകാരം 1,490 വീടുകളുടേയും നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്.
ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ 10,964 കുടുംബങ്ങള്‍ക്കായുള്ള ഫ്ലാറ്റുകളുടെയും ക്ലസ്റ്റർ ഭവനങ്ങളുടെയും നിർമാണമാണ് ഏറ്റെടുക്കുക. ഇതിനായി 49 ഏക്കർ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. വടക്കാഞ്ചേരി ചരൽപ്പറമ്പിലെ ഫ്ലാറ്റ് സമുച്ചയ നിർമാണം അവസാന ഘട്ടത്തിലാണ്. വീടുകൾ ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാ സംഗമം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷനാകുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവണ്‍മെന്‍റ് ചീഫ് വിപ്പ് കെ. രാജൻ, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, എം.പി മാര്‍, എം.എല്‍.എമാര്‍ എന്നിവരും പങ്കെടുക്കും.