തൃശൂര്‍: അഷ്‌ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിൽ ദർശനത്തിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. മുതിർന്ന പൗരന്മാർ, തദ്ദേശീയർ എന്നിവർക്ക് പുലർച്ചെ 4 മുതൽ 5 മണി വരെയായിരുന്നു പ്രത്യേക ദർശനത്തിന് അനുമതിയുണ്ടായിരുന്നത്.
ആറ് മുതൽ രണ്ട് മണി വരെ ശയനപ്രദക്ഷിണം ഉൾപ്പടെയുള്ള ഒരു പ്രദക്ഷിണവും അനുവദിച്ചില്ല. കുട്ടികൾക്ക് ചോറൂണ് നടത്താമെങ്കിലും, ഇതിന് ശേഷമുള്ള ദർശന സൗകര്യം ഉണ്ടാകില്ല. 30,000 പേർക്കുള്ള പ്രസാദ ഊട്ട് രാവിലെ 9 മണി മുതൽ ആരംഭിച്ചു.
ഒരേ സമയം 2000 പേർക്ക് സദ്യ കഴിക്കാനുള്ള സജ്ജീകരണമാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്. അഷ്‌ടമിരോഹിണി നാളിലെ പ്രധാന വഴിപാടായി 41,470 അപ്പവും, 7.43 ലക്ഷം രൂപയുടെ പാൽപായസവും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ ശേഷം നടക്കുന്ന ജന്മാഷ്‌ടമിയിൽ ആഘോഷങ്ങളും വിപുലമായി.
ഗുരുവായൂർ ക്ഷേത്രത്തിന്‍റെ പരിസരങ്ങളിൽ ഘോഷയാത്രകളും, ഉറിയടി മത്സരങ്ങളും നടന്നു. കണ്ണന്‍റെയും രാധയുടെയും വേഷങ്ങൾ അണിഞ്ഞാണ് കുട്ടികൾ എത്തിയത്. കാഴ്‌ചശീവേലിക്ക് ഭഗവാൻ സ്വർണ കോലത്തിലാണ് എഴുന്നള്ളിയത്.