തൃശൂർ: പെരിഞ്ഞനത്ത് റിട്ട. അധ്യാപികയുടെ സ്വർണ മാല കവർന്ന കേസിൽ ഇതര സംസ്ഥാനക്കാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡൽഹി സ്വദേശികളായ മുഹമ്മദ് മഹ്ഫൂസ് (32), മുഹമ്മദ് അക്വിൽ(33), ഉത്തർപ്രദേശ് സ്വദേശി അങ്കുർ (32) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്‌ച വൈകിട്ട് അഞ്ചരയോടെയാണ് പെരിഞ്ഞനം ചക്കാലക്കൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീ വിഹാറിൽ മുരളീധരന്‍റെ ഭാര്യ ശ്രീദേവിയുടെ അഞ്ചു പവൻ മാല ആഡംബര ബൈക്കിലെത്തി പ്രതികൾ കവർന്നത്. ഉടൻ തന്നെ പൊലീസെത്തി സമീപത്തെ വീട്ടിലെ സിസിടിവി പരിശോധിച്ച് ദ്യശ്യങ്ങൾ ശേഖരിച്ചു. ഇരിങ്ങാലക്കുട ഇൻസ്പെക്‌ടർ എംജെ ജിജോയും സംഘവും പാഞ്ഞു വന്ന ബൈക്ക് തടയുകയും ഒരു പ്രതിയെ പിടികൂടുകയും ചെയ്‌തു. ഇതിനിടയിൽ രണ്ടാമൻ ബൈക്കുമായി രക്ഷപ്പെട്ടിരുന്നു. പിടിയിലായയാളെ ചോദ്യം ചെയ്‌തപ്പോൾ എറണാകുളത്ത് സംഘത്തിലുള്ളവരുണ്ടെന്നു കണ്ടെത്തി. തുടർന്ന് എറണാകുളം പൊലീസിനും വിവരം നൽകി. രണ്ടു സംഘങ്ങളായി തിരിഞ്ഞ് പൊലീസ് റെയിൽവേ പൊലീസിനും കെഎസ്ആർടിസി ജീവനക്കാർക്കും ഓട്ടോ റിക്ഷ തൊഴിലാളികൾക്കും പ്രതികളുടെ ലഭ്യമായ ക്യാമറാ ദൃശ്യങ്ങളും വിവരങ്ങളും നൽകി. കൂടാതെ പൊലീസ് ഓരോ ബസുകളിലും കയറി ആളുകളെ നിരീക്ഷിച്ചു.
ഇരിങ്ങാലക്കുടയിൽ നിന്നു രക്ഷപ്പെട്ടയാൾ ബൈക്കിൽ ഈ സമയം എറണാകുളത്ത് എത്തിയിരുന്നു. ഇതിനിടെ പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേർ എറണാകുളത്തു നിന്നും പാലക്കാട്ടേക്ക് കടന്നതായി എറണാകുളം പൊലീസിൽ നിന്നും വിവരം ലഭിച്ചു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എറണാകുളത്തേക്ക് എത്തിയ പൊലീസ് സംഘം ആലുവ അമ്പാട്ടുകാവിൽ വച്ച് ബൈക്കിൽ പോകുകയായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. ബൈക്ക് തടഞ്ഞ പൊലീസ് ടീമിനെ കണ്ട് വാഹനം ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പൊലീസ് പ്രതികളെ കീഴടക്കി. ചോദ്യം ചെയ്യലിൽ തൃശൂർ എറണാകുളം ജില്ലകളിലെ അന്തിക്കാട്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, ബിനാനി പുരം എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. ഉത്തരേന്ത്യയിൽ നിന്ന് ട്രെയിനിൽ ആഡംബര ബൈക്കുമായി കേരളത്തിൽ എത്തി മോഷണം നടത്തി മടങ്ങുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
എസ്ഐ പാട്രിക്, എഎസ്ഐമാരായ അബ്‌ദുൾ സത്താർ, ജെനിൻ, മുഹമ്മദ് അഷറഫ്, സീനിയർ സിപിഒമാരായ ഷഫീർബാബു, വിവി നിധിൻ, മുഹമ്മദ് റാഫി, കെഎസ് ഉമേഷ്, ഇഎസ് ജീവൻ, കെഎസ് രാഹുൽ, പ്രബിൻ, രാഹുൽ രാജ്, സൈബർ സെൽ ഉദ്യാഗസ്ഥനായ സികെ ഷനൂഹ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. എറണാകുളം പോലീസിന്‍റെ ഇടപെടലും പ്രതികളെ പിടികൂടാൻ സഹായകമായി.