തൃശൂര്‍: പെരിഞ്ഞനം കൊറ്റംകുളത്തിന് സമീപം വാറ്റ് കേന്ദ്രത്തില്‍ നടന്ന പരിശോധനയില്‍ 55 ലിറ്റർ വാറ്റും 750 ലിറ്റർ വാഷും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയിരുന്ന വാറ്റ് കേന്ദ്രം കണ്ടെത്തിയത്. കന്നാസില്‍ 12 ലിറ്ററും ഒരു ലിറ്ററിന്‍റെ 43 കുപ്പികളിലുമാണ് വാറ്റ് സൂക്ഷിച്ചത്.
മറ്റത്തൂർ നാടിപ്പാറ സ്വദേശികളായ ഞാറ്റുവെട്ടി രാജേഷ് (38), പള്ളിപ്പാടൻ അരുൺ (23), വരന്തരപ്പിള്ളി കോരത്തൊടി സ്വദേശി മഠത്തിൽ വിഷ്ണു (27) എന്നിവരാണ് പിടിയിലായത്. ഡിവൈഎസ്‌പി ഫേമസ് വർഗീസിന്‍റെ നേതൃത്വത്തിൽ കയ്പമംഗലം എസ്ഐ കെഎസ് സുബിന്ദും സംഘവും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. രണ്ട് മാസത്തോളമായി ഇവർ ഈ വീട് വാടകക്കെടുത്ത് കുടുംബത്തോടൊപ്പം താമസിച്ച് വരുന്നു. മുറികളിലും, ശുചിമുറിയിലും, അടുക്കളയിലുമാണ് വാഷും ചാരായവും സൂക്ഷിച്ചിരുന്നത്. വാറ്റുപകരണങ്ങളും, ചാരായം നിറക്കാനുള്ള ആയിരത്തോളം കുപ്പികളും പൊലീസ് പിടിച്ചെടുത്തു.
വരന്തരപ്പിള്ളി മേഖലയില്‍ വാഹനങ്ങളിൽ കൊണ്ടുപോയാണ് വാറ്റ് വില്‍പ്പന. ഒരു ലിറ്റർ വാറ്റിന് ആയിരം രൂപയാണ് ഇവർ ഈടാക്കിയിരുന്നത്. കണ്ടെടുത്ത വാഷ് പൊലീസ് നശിപ്പിച്ചു. ഓണത്തോടനുബന്ധിച്ച് തീരദേശത്ത് വൻതോതിൽ വാറ്റ് വില്‍പ്പനക്ക് ഇവർ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കും.