തൃശൂർ: കഴിഞ്ഞ ലോക്ക്‌ഡൗൺ മുതൽ വ്യാജ വാറ്റ് നടത്തിവരുകയായിരുന്ന തൃശൂർ വാരികുളം കടംകുഴി സ്വദേശി അമ്പലപ്പാറയിൽ ജോസിനെ എക്‌സൈസ് സംഘം പിടികൂടി. സ്വന്തം പറമ്പിലും ആളില്ലാതെ കിടക്കുന്ന അയൽ പറമ്പുകളിലും വാഷ് ഒളിപ്പിച്ച് തുടർച്ചയായി ചാരായം വാറ്റി വിറ്റുവരികയായിരുന്നു ജോസ്.
ഇയാളുടെ പറമ്പിലെ പലഭാഗത്തുനിന്നുമായി 120 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും 50 കിലോ ഉണ്ട ശർക്കരയും വാറ്റുപകരണങ്ങളും പിടികൂടി. കുപ്പിക്ക് 250 രൂപയോളം ചിലവ് വരുന്ന ചാരായം 3000 രൂപ വരെ വാങ്ങിയാണ് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതെന്ന് പ്രതി പറഞ്ഞു.
READ MORE: മൂന്ന് ലിറ്റര്‍ ചാരായവുമായി ഒരാള്‍ എക്‌സൈസിൻ്റെ പിടിയിൽ
മിനി ലോക്ക്ഡൗണിൽ കള്ളുഷാപ്പ് ഒഴികെയുള്ള വില്‍പ്പനകേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാൽ മദ്യത്തിന് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് എല്ലാ ദിവസവും വാറ്റാനുള്ള സംവിധാനമാണ് പ്രതി ഒരുക്കിയിരുന്നത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും ഇത്തരത്തിൽ നല്ല ലാഭം പ്രതി ഉണ്ടാക്കിയിരുന്നു.
READ MORE: വെള്ളറടയിൽ 17 കാരിയെ പീഡപ്പിച്ച കേസ്, അമ്മയും കാമുകനും അറസ്റ്റിൽ
തൃശൂർ എക്‌സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്‍റീവ് ഓഫീസർമാരായ കെ എം സജീവ്, സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.