തൃശൂര്‍: ജില്ലയിലെ കൊരട്ടിയില്‍ വന്‍തോതില്‍ ചാരായ വില്‍പന നടത്തിയ ഒരാള്‍ പിടിയില്‍. വാലുങ്ങമുറി എളഞ്ചേരി സ്വദേശി കോപ്പി വീട്ടിൽ ശിവരാജൻ ( 46 ) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമീപത്തെ റബർ തോട്ടത്തില്‍ ഒളിപ്പിച്ച വാറ്റുപകരണങ്ങളും വാഷ് തയ്യാറാക്കിയ ഡ്രമ്മുകളും , ചാരായം സൂക്ഷിച്ചിരുന്ന കന്നാസുകളും കണ്ടെടുത്തു. ഏകദേശം 90 ലിറ്ററോളം ചാരായം ഇയാൾ വിൽപന നടത്തിയതായി പൊലീസ് പറയുന്നു. ബൈക്കില്‍ ചാരായം വില്‍ക്കാന്‍ പോകുന്നതിനിടെ പൊലീസിനെ കണ്ട് രക്ഷപ്പെട്ട ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
ചാരായ വില്‍പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കൊരട്ടി സർക്കിൾ ഇൻസ്പെക്‌ടർ ബി.കെ അരുണിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ലോക്ക് ഡൗണിനെ തുടർന്ന് വാറ്റുചാരായത്തിന് ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. ഇയാളിൽ നിന്നും ചാരായം വാങ്ങിയവരെപ്പറ്റിയും ചാരായം വാറ്റാൻ കൂട്ടു നിന്നവരുണ്ടെങ്കില്‍ അവരെയും കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു. ഇരുപത് വര്‍ഷം മുമ്പ് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയാണ് ഇയാള്‍. കേസ് ഒത്ത് തീര്‍ന്നതിന് ശേഷം സാമ്പത്തിക ബാധ്യതകളാണ് ഇയാളെ ചാരായ വാറ്റിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊരട്ടി പൊലീസിന്‍റെ "സേ ടു നോ ഡ്രഗ്‌സ് " ക്യാമ്പയിനിന്‍റെ ഭാഗമായി വ്യാജവാറ്റു കേസുകളിലായി മൂന്നുപേരെ പിടികൂടുകയും ആയിരത്തിൽ പരം ലിറ്റർ വാഷ് നശിപ്പിക്കുകയും അഞ്ച് ലിറ്ററോളം ചാരായം പിടിച്ചെടുക്കുകയും ചെയ്‌തു.