തൃശൂര്‍: ശനിയാഴ്‌ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുതുക്കാട് മേഖലയിൽ വ്യാപക നാശനഷ്‌ടം. തെക്കേതൊറവിൽ 500ഓളം നേന്ത്രവാഴകൾ ഒടിഞ്ഞുവീണു. മരാശേരി മുരളി, കരോട്ട് മുരളി, കിളിരാര അയ്യപ്പൻ എന്നിവരുടെ വാഴക്കൃഷിയാണ് നശിച്ചത്. കാളക്കല്ല് വരാക്കരയിൽ റീഫലിന്‍റെ 200 വാഴകളും കാറ്റിൽ ഒടിഞ്ഞുവീണു. തോട്ടത്തിലെ ഭൂരിഭാഗം നേന്ത്രവാഴകളും നശിച്ച നിലയിലാണ്. കുലച്ച നേന്ത്രവാഴകളാണ് ഒടിഞ്ഞുവീണത്. നന്തിപുലം, കുണ്ടുകടവ്, മുപ്ലിയം എന്നിവിടങ്ങളിലും കാർഷിക വിളകൾ നശിച്ചു.
പുതുക്കാട് ഗവ.സ്‌കൂളിന് സമീപം തെങ്ങ് കടപുഴകിവീണ് രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണു. വരന്തരപ്പിള്ളി ഇലക്‌ട്രിക് സെഷന്‍റെ കീഴിൽ നിരവധി പോസ്റ്റുകളാണ് മരം വീണ് തകർന്നത്. മേഖലയിൽ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെട്ടു. പുലിക്കണ്ണിയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിച്ചു. ഗ്രൗണ്ടിന് സമീപത്തുള്ള ഗോവിന്ദന്‍റെ വീടിനാണ് ഇടിമിന്നലേറ്റത്. വീടിന്‍റെ വയറിങ് സാമഗ്രികൾ കത്തിനശിച്ചു. വീട്ടുമുറ്റത്തെ സ്ലാബുകൾ തകർന്നു. മലയോര മേഖലയിൽ ജാതി, തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയും കാറ്റിൽ ഒടിഞ്ഞുവീണു.