തൃശൂര്‍: പത്ത് ദിവസം നീണ്ടുനിന്ന ഗുരുവായൂർ ക്ഷേത്രോത്സവത്തിന് ആറാട്ടോടെ ഞായറാഴ്‌ച സമാപനമാകും. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഏറെ ജാഗ്രതയോടെയാണ് ഉത്സവം നടന്നത്. നേരത്തെ കഴിഞ്ഞ ദിവസം വൈകീട്ട് 6.30ന് ഗ്രാമ പ്രദക്ഷിണത്തിനും പള്ളിവേട്ടക്കുമായി ഗുരുവായൂരപ്പനെ പുറത്തെഴുന്നെള്ളിച്ചു. ആന പുറത്ത് സ്വർണക്കോലത്തിലേറി എത്തിയ ഗുരുവായൂരപ്പന് മുന്നില്‍ അഡ്‌മിനിസ്ട്രേറ്റർ ശിശിർ ഉൾപ്പെടുന്ന ഭരണ സമിതി അംഗങ്ങൾ പറ നിറച്ചു. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളവും അരങ്ങേറി. തുടർന്ന് ഗ്രാമ പ്രദക്ഷിണം, പള്ളിവേട്ട, പള്ളിയുറക്കം തുടങ്ങിയ ആചാരങ്ങൾ ചടങ്ങ് മാത്രമായി നടന്നു.
കൊവിഡ് 19 പശ്ചാത്തലത്തിൽ അസി പൊലീസ് കമ്മീഷണർ ബിജു ഭാസ്കർ, ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ പ്രേമാനന്ദ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.